X

മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് ശരദ് യാദവ്; നിതീഷ് കുമാറിനെ കുറിച്ച് മൗനം

പട്‌ന: ബി.ജെ.പിയുമായി നിതീഷ് കുമാര്‍ ഉണ്ടാക്കിയ സഖ്യത്തെ കുറിച്ചുള്ള മൗനം തുടരുന്നതിനിടെ, മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന ജെ.ഡിയു നേതാവ് ശരദ് യാദവ്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം ഇപ്പോഴും വാഗ്ദാനമായി അവശേഷിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറ്റപ്പെടുത്തി. പനാമ രേഖകളില്‍ പേരുകളുള്ള ഇന്ത്യയ്ക്കാര്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്നും അദ്ദേഹം ചോദിച്ചു.
മോദിസര്‍ക്കാറിന്റെ പദ്ധതികളെയും അദ്ദേഹം വിമര്‍ശിച്ചു. കര്‍ഷകര്‍ക്കു വേണ്ടി നടപ്പാക്കിയ ഇന്‍ഷുറന്‍സ് പദ്ധതി വന്‍ പരാജയമാണെന്നും ഇതേക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം പോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ചതായി കഴിഞ്ഞ ദിവസം അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ബിഹാറില്‍ മഹാസഖ്യം വിട്ട് ബി.ജെ.പിക്കൊപ്പം ചേരാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെയാണ് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവു കൂടിയായ ശരദ് യാദവിന്റെ ഒളിയമ്പുകള്‍. നേരത്തെ, കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിക്കാന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അദ്ദേഹം മന്ത്രിസ്ഥാനം വേണ്ടെന്നു വെക്കുകയായിരുന്നു.
അതിനിടെ, ബിഹാറില്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം നയിക്കാന്‍ ശരദ് യാദവ് മുന്നോട്ടുവരണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് അഭ്യര്‍ത്ഥിച്ചു. ശരദ് യാദവിനെ ആദ്യം ടെലിഫോണിലൂടെയും പിന്നീട് ടിവി ക്യാമറക്ക് മുന്നിലൂടെയുമാണ് ലാലുവിന്റെ ക്ഷണം.
ചാനലുകള്‍ക്ക് മുമ്പില്‍ ലാലു ശരദ് യാദവിനെ ഞങ്ങളുടെ നേതാവ് ശരത് യാദവ് എന്നാണ് വിശേഷിപ്പിച്ചത്. ഞാന്‍ ആവശ്യപ്പെടുകയാണ്, ഞങ്ങളുടെ നേതാവ് ശരത് യാദവിനോട്, നിങ്ങളെ ഞങ്ങള്‍ നേതാവായി കാണുന്നു. നിങ്ങള്‍ ബിജെപിക്കെതിരായ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കണം- ലാലു പറഞ്ഞു.
ഈ മാസം 26നാണ് കോണ്‍ഗ്രസുമായും ആര്‍.ജെ.ഡിയുമായുമുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വീണ്ടും അധികാരത്തിലെത്തിയത്. വെള്ളിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് സര്‍ക്കാര്‍ വിജയിച്ചിരുന്നു.

chandrika: