കോഴിക്കോട്: രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കുമെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്ര കുമാര്‍. രാജ്യസഭയില്‍ അംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ നീതീഷ് കുമാറിന്റെ എം.പിയായി തുടരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്ന് വിരേന്ദ്രകുമാര്‍ പറഞ്ഞു. ബി.ജെ.പിയുമായി ശരത് യാദവ് അടുത്തതോടെ പാര്‍ട്ടിക്ക് അഖിലേന്ത്യാ തലത്തിലുണ്ടായ പ്രതിസന്ധി കേരളത്തിലും ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ജെ.ഡി.എസ് നേതാക്കളായ കൃഷ്ണന്‍കുട്ടി, സി.കെ നാണു എന്നിവരുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. മാത്യു. ടി. തോമസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഞങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാണ്. എല്‍.ഡി.എഫിലേക്ക് പോകുന്ന കാര്യം ഇതുവരെ ഞങ്ങളുടെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗം ഉടനെ വിളിക്കും. പാര്‍ട്ടിക്കുണ്ടായ പ്രതിസന്ധിയായിരിക്കും യോഗത്തിലെ പ്രധാന അജണ്ടയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.