X
    Categories: Video Stories

മോദിയെ വെട്ടിലാക്കി വീണ്ടും ജെ.ഡി.യു: ‘ബിഹാറിന് പ്രത്യേക പദവി നാളെ പ്രഖ്യാപിക്കണം’

പട്‌ന: ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതിനു പിന്നാലെ ബി.ജെ.പിയെ വെട്ടിലാക്കി നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡും. ബിഹാറിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്ന ആവശ്യം ജെ.ഡി.യു ശക്തമാക്കിയതാണ് നരേന്ദ്ര മോദി സര്‍ക്കാറിനെ കുഴക്കുന്നത്. ചൊവ്വാഴ്ച ബിഹാര്‍ സന്ദര്‍ശിക്കുന്ന മോദി ബിഹാറിന് പ്രത്യേക പദവി പ്രഖ്യാപിക്കണമെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറി ഷയാം റസാക് പറഞ്ഞു.

ചംബാരണ്‍ സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് നരേന്ദ്ര മോദി ചൊവ്വാഴ്ച ബിഹാറിലെ മോഠിഹാരി സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തിന്റെ പ്രത്യേക പദവി പ്രഖ്യാപനം കൂടി നടത്തണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം.

ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായുള്ള (ആര്‍.ജെ.ഡി) സഖ്യം അവസാനിപ്പിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്നതിനു ശേഷം, സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യത്തില്‍ നിന്ന് ജെ.ഡി.യു പിന്മാറി എന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. 2005 മുതല്‍ താന്‍ ഉന്നയിക്കുന്ന, ബിഹാറിന് പ്രത്യേക പദവി എന്ന ആവശ്യത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോയിട്ടില്ലെന്ന് നിതീഷ് കുമാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് തേജശ്വി യാദവ് ജെ.ഡി.യുവിനും നിതീഷ് കുമാറിനുമെതിരെ ശക്തമായി രംഗത്തു വന്നു. ‘നിതീഷ് കുമാര്‍ കരുത്തനായ നേതാവാണെങ്കില്‍ അദ്ദേഹം മോദിയോട് നേരിട്ട് ബിഹാറിന് പ്രത്യേക പദവി നല്‍കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്’ എന്നായിരുന്നു ലാലുവിന്റെ മകന്‍ കൂടിയായ തേജശ്വിയുടെ പ്രതികരണം.

ബിഹാറിന് പ്രത്യേക പദവി നല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചെയ്തതു പോലെ എന്‍.ഡി.എ വിടുകയാണ് നിതീഷ് ചെയ്യേണ്ടതെന്നും തേജശ്വി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: