ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യത്തില്‍ പിളര്‍പ്പ്; അതൃപ്തി അറിയിച്ച് നിതീഷ്‌കുമാര്‍
പറ്റ്‌ന: മഹാസഖ്യം പിളര്‍ന്ന് ബിഹാറില്‍ രൂപീകൃതമായ ബിജെപി-ജെഡിയു ഭിന്നത. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്‍.കെ സിങ് പങ്കെടുക്കാത്തതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള അസ്വാരസ്യം കൂടുതല്‍ രൂക്ഷമായത്. ഇതിനെതിരെ അതൃപ്തി രേഖപ്പെടുത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രംഗത്തുവരികയും ചെയ്തു.
നവംബര്‍ 10ന് ബിഹാര്‍ രാജ്ഗീറില്‍ നടക്കേണ്ട പരിപാടിയുടെ ഉദ്ഘാടനത്തിന് നിശ്ചയിച്ചത് കേന്ദ്രമന്ത്രി ആര്‍.കെ സിങിനെയായിരുന്നത്. എന്നാല്‍ അവസാന നിമിഷം ആര്‍.കെ സിങ് പിന്മാറിയതോടെ പരിപാടി റദ്ദാക്കേണ്ടി വന്നു. ഇതാണ് നിതീഷ്‌കുമാറിനെ ചൊടിപ്പിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടി അവസാന നിമിഷം മാറ്റിയ നടപടി നീതികരിക്കാനാവില്ലെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു. അവസാന നിമിഷം പരിപാടി റദ്ദാക്കുന്ന നടപടി പ്രായോഗികമല്ല. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.
രാജ്യത്തെ ഊര്‍ജ സംവിധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി രണ്ടു ദിവസത്തെ സമ്മേളനമായിരുന്നു വിളിച്ചു ചേര്‍ത്തിരുന്നത്. കേന്ദ്രമന്ത്രി എത്തുന്നതിനാല്‍ വലിയ തയാറെടുപ്പുകളാണ് സംസ്ഥാനം ഇതിനായി നടത്തിയത്. എന്നാല്‍ അവസാന നിമിഷം മന്ത്രി വരാതിരുന്നതോടെ വന്‍ നഷ്ടമുണ്ടായതായും നിതീഷ്‌കുമാര്‍ പറഞ്ഞു. സമ്മേളനം റദ്ദാക്കിയതോടെ മറ്റു പരിപാടികള്‍ ഒഴിവാക്കി സംസ്ഥാന ഊര്‍ജ മന്ത്രിമാരും സെക്രട്ടറിമാരും പറ്റ്‌നയിലെത്തിയിരുന്നു. സംസ്ഥാനത്തെത്തിയ അതിഥികള്‍ക്ക് പറ്റ്‌നയിലെ ശ്രീകൃഷ്ണ മെമ്മോറിയല്‍ ഹാളില്‍ ഗായകന്‍ സോനു നിഗമിന്റെ സംഗീത പരിപാടി ഒരുക്കിയാണ് പ്രശ്‌നം ഒഴിവാക്കിയതെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു.
ബിഹാറിലെ ഊര്‍ജ സംവിധാനം എങ്ങനെ മെച്ചപ്പെടുത്തി എന്നത് തെളിയിക്കാന്‍ 45 മിനിറ്റു നേരത്തെ പ്രത്യേക വീഡിയോ പ്രസന്റേഷന്‍ പരിപാടിക്കിടെ നടത്താന്‍ നിതീഷ്‌കുമാര്‍ തീരുമാനിച്ചിരുന്നു. താന്‍ മുന്നോട്ടുവെച്ച വികസന മോഡല്‍ എപ്രകാരം കേന്ദ്രവും മറ്റു സംസ്ഥാനങ്ങളും നടപ്പാക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. നിതീഷ്‌കുമാറിന് ഊര്‍ജ മുന്നേറ്റത്തിന്റെ ക്രഡിറ്റ് നല്‍കാന്‍ ബിജെപിക്ക് താല്‍പര്യമില്ലാത്തതാണ് ആര്‍കെ സിങ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്.
രാഷ്ട്രപതിയായ ശേഷം ബിഹാറിലെത്തിയ രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ നിന്നും കേന്ദ്രമന്ത്രിയായ രാധാമോഹന്‍ സിങും വിട്ടു നിന്നിരുന്നു. കാര്‍ഷിക നയം രൂപികരിക്കുന്ന പരിപാടിയില്‍ നിന്ന് കേന്ദ്രകൃഷി മന്ത്രിയും വിട്ടു നിന്നത് ജെഡിയുവിന് അമര്‍ഷമുണ്ടാക്കിയിരുന്നു.