X

തോല്‍പ്പിച്ചത് മഹാസഖ്യമല്ല, കോവിഡ്; പരാജയം സമ്മതിച്ച് ജെഡിയു

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്ന വേളയില്‍ തന്നെ തോല്‍വി സമ്മതിച്ച് ഭരണകക്ഷിയായ ജെഡിയു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, കോവിഡാണ് തങ്ങളെ തോല്‍പ്പിച്ചത് എന്നും പാര്‍ട്ടി വക്താവ് കെ.സി ത്യാഗി പറഞ്ഞു. എന്‍ഡിടിവിയോട് സംസാരിക്കുകയാരുന്നു അദ്ദേഹം.

അധികാരത്തില്‍ തുടര്‍ച്ചയായ നാലാമൂഴം തേടിയിറങ്ങിയ നിതീഷ് കുമാറിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 9.45ലെ കണക്കുകള്‍ പ്രകാരം 37 സീറ്റുകളില്‍ മാത്രമാണ് ജെഡിയു ലീഡ് ചെയ്യുന്നത്. സഖ്യകക്ഷിയായ ബിജെപി 54 ഇടത്ത് ലീഡ് ചെയ്യുന്നു. നിലവില്‍ മഹാസഖ്യത്തേക്കാള്‍ ഒരു സീറ്റിന്റെ ലീഡ് എന്‍ഡിഎയ്ക്കുണ്ട്.

മഹാസഖ്യത്തില്‍ ആര്‍ജെഡി 63 ഇടത്താണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 24 സീറ്റിലും മറ്റു സഖ്യകക്ഷികള്‍ 14 സീറ്റിലും മുമ്പിട്ടു നില്‍ക്കുന്നു.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്‍ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ വ്യക്തമായ മേധാവിത്വമാണ് തേജസ്വി പുലര്‍ത്തുന്നത്. ബിജെപിയുടെ സതീഷ് കുമാറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

2010ല്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിയെ തോല്‍പ്പിച്ച നേതാവാണ് സതീഷ്. 9.45ലെ കണക്കുകള്‍ പ്രകാരം 103 സീറ്റുകളില്‍ മഹാസഖ്യവും 104 സീറ്റില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. എല്‍ജെപി അഞ്ചു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

ആര്‍ജെഡിയുടെ തേജ്പ്രതാപ് ഹസന്‍പൂരില്‍ ലീഡ് ചെയ്യുകയാണ്. എച്ച്എഎം സ്ഥാപകന്‍ ജിതന്‍ റാം മാഞ്ചി ഇമാംഗഞ്ചില്‍ മുമ്പിട്ടു നില്‍ക്കുന്നു. ജെഡിയു മന്ത്രി ജയ് കുമാര്‍ സിങ് ദിനാറയില്‍ പിന്നിലാണ്. പ്ലൂരല്‍സ് പാര്‍ട്ടിയുടെ പുഷ്പം പ്രിയ ബങ്കിപൂരില്‍ പിന്നിലാണ്. ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലുവ് സിന്‍ഹയും പിന്നിലാണ്.

Test User: