X
    Categories: CultureMoreViews

നാടകീയ നീക്കങ്ങളുമായി സോണിയ; കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരിക്കും

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തൂക്കുനിയമസഭ വന്നതോടെ തന്ത്രപരമായ നീക്കങ്ങളുമായി കോണ്‍ഗ്രസ്. ജെ.ഡി.എസിന് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡയുമായി സോണിയാ ഗാന്ധി ചര്‍ച്ച നടത്തി. എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് സോണിയാ ഗാന്ധി ദേവഗൗഡയെ അറിയിച്ചു. ഇത് സ്വീകാര്യമാണെന്ന് ജെ.ഡി.എസ് അറിയിച്ചിട്ടുണ്ട്.

എച്ച്.ഡി കുമാരസ്വാമി അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ജെ.ഡി.എസ് വക്താവ് ഡാനിഷ് അലി പറഞ്ഞു. തീരുമാനം ജനവികാരം മാനിച്ചുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എക്കാലത്തും മതേതരത്വം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് ജെ.ഡി.എസ്. കര്‍ണാടകയില്‍ ബി.ജെ.പിയെ പോലുള്ള ഒരു വര്‍ഗീയ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാനാണ് ജെ.ഡി.എസ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതെന്നും ഡാനിഷ് അലി പറഞ്ഞു. ജെ.ഡി.എസിന് പിന്തുണ നല്‍കുമെന്ന് കര്‍ണാടക ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും സ്ഥിരീകരിച്ചു.

നിലവില്‍ ബി.ജെ.പി 106 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. 53 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 75 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. 49 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജെ.ഡി.എസ് 38 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. 33 സീറ്റുകളില്‍ അവര്‍ ലീഡ് ചെയ്യുന്നുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: