X

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി-എസും ഒന്നിച്ച് മത്സരിക്കും: കര്‍ണാടകയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി

ബെംഗളൂരു: കര്‍ണാടകയില്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുമെന്ന് ജെ.ഡി-എസ്. എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറിലെ ക്യാബിനറ്റ് പദവികള്‍ സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വകുപ്പ് വിഭജനം പൂര്‍ത്തിയായെന്നും ബാക്കി മന്ത്രിമാര്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുമാരസ്വാമിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

 

മെയ്യ് 24നാണ് കുമാരസ്വാമി കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം തമ്മിലുള്ള വകുപ്പ് വിഭജനം നീളുകയായിരുന്നു. ഒടുവില്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കുമാരിസ്വാമി മന്ത്രിസഭയിലെ വകുപ്പുകളുടെ കാര്യത്തില്‍ ഇരുപാര്‍ട്ടികളും തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രി കുമാരസ്വാമി തന്നെയായിരുന്നു ധന്യകാര്യം കൈകാര്യം ചെയ്യുക. ആഭ്യന്തരവും മറ്റു പ്രമുഖ വകുപ്പകളും കോണ്‍ഗ്രസ് തന്നെ കൈവശം വെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ പരന്നിരുന്നു. ധനകാര്യം ജെ.ഡി.എസിനു നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയതാണ് വകുപ്പു വിഭജനം വൈകാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. നിലവില്‍ മുഖ്യമന്ത്രിയെ കൂടാതെ ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വര മാത്രമാണ് കുമാരസ്വാമി മന്ത്രിസഭയില്‍ അംഗമായിട്ടുള്ളത്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരുന്നതാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ജെ.ഡി-എസ് കൈക്കോര്‍ക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലടക്കം തിരിച്ചടി നേരിട്ട ബി.ജെ.പിക്ക് പ്രതിപക്ഷ ഐക്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

chandrika: