2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കാനുള്ള ശ്രമങ്ങള്‍ തുടരവെ, ബി.ജെ.പിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി ജെ.ഡി.എസ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 28 ലോക്‌സഭ സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ജെ.ഡി.എസ് വിജയിച്ചത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടു. തെരഞ്ഞെടുപ്പില്‍ കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജെ.ഡി.എസ് 19 സീറ്റുകളിലൊതുങ്ങി.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെയും മകന്‍ എച്ച്.ഡി. കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള ജെ.ഡി.എസ്, ഒരു കാലത്തെ സഖ്യകക്ഷിയായ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും അവരുടെ വോട്ട് അടിത്തറ സംരക്ഷിക്കാനുമുള്ള സാധ്യത വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ട്.
ഇരുപത് മാസത്തെ അധികാരം പങ്കിടല്‍ കരാര്‍ പ്രകാരം 2006 ല്‍ കുമാരസ്വാമി മുഖ്യമന്ത്രിയായും ബി.എസ്. യെദിയൂരപ്പ ഉപമുഖ്യമന്ത്രിയായും ബി.ജെ.പിയും ജെ.ഡി.എസും ചേര്‍ന്ന് കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ ജെ.ഡി.എസ് അധികാരം ബി.ജെ.പിക്ക് കൈമാറാത്തതിനാല്‍ അധികം വൈകാതെ സഖ്യം തകര്‍ന്നു. ഇപ്പോള്‍ പഴയ സഖ്യം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ജെ.ഡി.എസ് എന്നാണ് റിപ്പോര്‍ട്ട്.
288 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ദേവഗൗഡ ശക്തമായി പ്രതിരോധിച്ചതാണ് അതിന്റെ ഏറ്റവും വലിയ സൂചനകളിലൊന്ന്. മന്ത്രി പരമാവധി ശ്രമിച്ചു. അദ്ദേഹം വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നത് ഉചിതമല്ല.എന്നായിരുന്നു ദേവഗൗഡയുടെ പ്രതികരണം.
അതുപോലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ദേവഗൗഡയുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. നമ്മുടെ രാജ്യത്ത് ബി.ജെ.പിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലാത്ത മറ്റു പാര്‍ട്ടികളില്ലെന്നായിരുന്നു പ്രതിപക്ഷ സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ദേവഗൗഡ നടത്തിയ പ്രതികരണം. കഴിഞ്ഞ മാസം ദേവഗൗഡക്ക് 91 വയസ് തികഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബി.ജെ.പി നേതാക്കളും ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.