X
    Categories: keralaNews

കോഴിക്കോട്ട് എല്‍ഡിഎഫില്‍ പൊട്ടിത്തെറി; ജെഡിഎസ് സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: സീറ്റ് വിഭജനത്തില്‍ സിപിഎം അവഗണിച്ചതില്‍ പ്രതിഷേധിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനവുമായി ജെഡിഎസ്. കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ജനതാദള്‍ എസ് പ്രഖ്യാപിച്ചു. എല്‍ഡിഎഫിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പതിനൊന്നിടത്ത് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ജെഡിഎസ് ജില്ലാ പ്രസിഡണ്ട് കെ ലോഹ്യ പറഞ്ഞു.

കോഴിക്കോട്ടെ ജനതാദള്‍ എസ് നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്. എല്‍ജെഡി എല്‍ഡിഎഫിന്റെ ഭാഗമായതോടെ ജില്ലയില്‍ ജെഡിഎസിനെ ഇടതു മുന്നണി പൂര്‍ണമായും തഴയുകയായിരുന്നു. പാര്‍ട്ടി കടുത്ത നിരാശയിലായതോടെ സികെ നാണു എംഎല്‍എയുടെ പൂര്‍ണ പിന്തുണയോടെ കോഴിക്കോട് യോഗം ചേര്‍ന്ന് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ അഞ്ച് ഡിവഷനിലേക്കും കോഴിക്കോട് കോര്‍പ്പറേഷനിലെ ആറ് വാര്‍ഡുകളിലേക്കുമാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എന്നാല്‍ എല്‍ഡിഎഫുമായി ചര്‍ച്ച തുടരുമെന്നും പരിഗണന കിട്ടിയില്ലെങ്കില്‍ ഈ സ്ഥാനാര്‍ത്ഥികള്‍ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കുക തന്നെ ചെയ്യുമെന്നും ജെഡിഎസ് ജില്ലാ അധ്യക്ഷന്‍ പറഞ്ഞു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: