X

ജഡ്ജ് ബി.എച്ച് ലോയ; പരാതിക്കാരന് നിക്ഷിപ്ത താല്‍പര്യമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജ് ബി.എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ ബോംബെ ലോയേഴ്‌സ് അസോസിയേഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. നിക്ഷിപ്ത താല്‍പര്യത്തിനും രാഷ്ട്രീയ താല്‍പര്യത്തിനും വേണ്ടി പരാതിക്കാരന്‍ ജുഡീഷ്യറിയെ ദുരുപയോഗിക്കുകയായിരുന്നുവെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. മൂന്നംഗ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് പരാതിക്കാരെ ഏറ്റവും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.

നൂറു കണക്കിന് പരാതികള്‍ കെട്ടിക്കിടക്കുമ്പോള്‍ ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം ദുരുപയോഗിക്കുകയായിരുന്നു പരാതിക്കാരനെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആരോപിച്ചു. ജുഡീഷ്യറിയെ അഴിമതി നിറഞ്ഞതായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗുരുതര ആക്രമണമായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി. രാഷ്ട്രീയ എതിരാളികള്‍ക്കുമേല്‍ കടന്നുകയറാനുള്ള വ്യക്തിപരമായ അജണ്ടയാണ് പരാതിക്കാരനുണ്ടായിരുന്നത്. ജുഡീഷ്യറിയുടെ നിക്ഷ്പക്ഷത സംരക്ഷിക്കാനാണ് നിയമ പോരാട്ടം എന്നത് വ്യാജ സൃഷ്ടിയായിരുന്നു. ജഡ്ജ് ലോയയുടെ മരണം വൈകാരിക വിഷയമാക്കി മാറ്റുകയായിരുന്നു ലക്ഷ്യമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തില്‍ കുറ്റപ്പെടുത്തുന്നു.

കോടതിയലക്ഷ്യ നടപടിക്ക് അര്‍ഹമായ കുറ്റമാണ് പരാതിക്കാരന്‍ ചെയ്തതെങ്കിലും തല്‍ക്കാലം നടപടിയെടുക്കാതെ വിടുകയാണെന്ന് കോടതി വ്യക്തമാക്കി. ഒരു വ്യക്തിയാണ് ജുഡീഷ്യറിയെ മൊത്തം നിയന്ത്രിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ദുരുദ്ദേശ്യത്തോടെയായിരുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യത ഇടിച്ചു കാണിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി കോടതിയെ വലിച്ചിഴക്കരുത്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ജനാധിപത്യത്തിന്റെ വലിയ ഇടനാഴിയില്‍ പരിഹരിക്കപ്പെടണം. നിയമഭരണം പരിഹാസ്യമായി മാറരുതെന്നും കോടതി പറഞ്ഞു.

അമിത് ഷാ പ്രതിയായ കേസില്‍ അട്ടിമറി നടത്തുന്നതിന് ഹൈക്കോടതിയില്‍ നിന്ന് ഇടപെടല്‍ ഉണ്ടായി എന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ തന്നെ സമീപിച്ചതെന്നും സുപ്രീംകോടതി ചോദിച്ചു. ബോംബെ ഹൈക്കോടതിയിലാണ് പരാതിക്കാരന്‍ ആദ്യം പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇത് പിന്നീട് പരമോന്നത നീതിപീഠം സ്വമേധയാ സുപ്രീംകോടതിയിലേക്ക് മാറ്റുകയായിരുന്നു.
മരണം നടന്ന രാത്രിയില്‍ ജഡ്ജ് ലോയക്കൊപ്പം താമസിച്ച നാല് ജഡ്ജിമാരെ ക്രോസ് വിസ്താരം ചെയ്യണമെന്ന് വരെ ഒരു ഘട്ടത്തില്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യറിയുടെ നിക്ഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും സുപ്രീംകോടതി ആരോപിച്ചു.

chandrika: