X
    Categories: MoreViews

മണ്ണുമാന്തി യന്ത്രം വാങ്ങിയതില്‍ ക്രമക്കേട് ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണം

തിരുവനന്തപുരം: ഐ.എം.ജി ഡയരക്ടര്‍ ജനറല്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ലോകായുക്തയുടെ അന്വേഷണം. തുറമുഖ ഡയരക്ടറായിരിക്കെ മണ്ണുമാന്ത്രി യന്ത്രം വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്. ഓഗസ്റ്റ് ഒന്നിന് ഹാജരാകാന്‍ ലോകായുക്ത ജേക്കബ് തോമസിന് നിര്‍ദേശം നല്‍കി. നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് നിര്‍ദേശം. നാല് പരാതികളാണ് ജേക്കബ് തോമസിനെതിരെ ലോകായുക്തക്ക് ലഭിച്ചത്. ഇതില്‍ മൂന്ന് പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ ലോകായുക്ത, ഡ്രഡ്ജര്‍ ഇടപാടിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ മണ്ണുമാന്തി യന്ത്രം വാങ്ങിയതില്‍ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ധനകാര്യ പരിശോധനാ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകുംവരെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തുന്നതാവും നല്ലതെന്നും ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം വിജയാനന്ദ് സര്‍ക്കാറിന് ശിപാര്‍ശ നല്‍കി. വിഷയത്തില്‍ മുഖ്യമന്ത്രി പ്രോസിക്യൂഷന്‍ ഡയരക്ടറുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.
ജേക്കബ് തോമസ് തുറമുഖ ഡയരക്ടറായിരുന്ന കാലത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ വ്യാജരേഖ ചമച്ച് വിദേശ കമ്പനിയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള ടെണ്ടറില്‍ ഐ.എച്ച്.എല്‍ ബീവര്‍ എന്ന വിദേശ കമ്പനി മാത്രമാണ് പങ്കെടുത്തത്. ഒരു കമ്പനി മാത്രമേ ഉള്ളൂവെങ്കില്‍ റീ ടെണ്ടര്‍ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ റീ ടെണ്ടര്‍ നടത്താതെ നടത്തിയെന്ന് രേഖയുണ്ടാക്കി വിദേശ കമ്പനിയെ സഹായിച്ചുവെന്ന് തെളിവുസഹിതം റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഇതുകാരണം കമ്പനിക്ക് കോടികളുടെ അധിക ലാഭമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
മണ്ണുമാന്തി യന്ത്രത്തിന് വാര്‍ഷിക അറ്റകുറ്റപ്പണിക്കുള്ള വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. സ്‌പെയര്‍ പാര്‍ട്‌സ് ഉള്‍പ്പെടെയായിരുന്നു കരാര്‍. എന്നാല്‍ ഉപകരണങ്ങളൊന്നും നല്‍കാതെ മേല്‍നോട്ടം മാത്രമായിരുന്നു കമ്പനി ചെയ്തത്. ഇതില്‍ മാത്രം മൂന്നരക്കോടിയുടെ നഷ്ടമുണ്ടെന്നാണ് കെ.എം എബ്രഹാമിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

chandrika: