അലി കാഷിഫി എന്ന അത്യുഗ്രന്‍ ഗോള്‍ക്കീപ്പര്‍. ആദ്യ 20 മിനുട്ടിനിടെ പതിനൊന്ന് കിടിലന്‍ സേവുകള്‍. ലോകതാരം കൃസ്റ്റ്യാനോ റൊണാള്‍ഡോ നാല് വട്ടം അരിശത്തില്‍ ഗോള്‍ പോസ്റ്റില്‍ കൈ കൊണ്ടിടിച്ചു. സിദാന്‍ അവിശ്വസനീയതയോടെ പലവട്ടം തലയില്‍ കൈവെച്ചു. കൈവിട്ടുപോവുമോ കാര്യങ്ങളെന്ന ആശങ്കയില്‍ റയല്‍ മാഡ്രിഡ് ക്യാമ്പ്.
കാഷിഫിയും റയല്‍ മുന്‍നിരക്കാരും തമ്മിലുള്ള കൂട്ടപ്പോരില്‍ അല്‍ജസീറ പോസ്റ്റില്‍ കയറാന്‍ മടിച്ച് പന്തും… നാല്‍പ്പത്തിയൊന്നാം മിനുട്ടില്‍ ആദ്യമായി പന്ത് റയല്‍ ഗോള്‍ക്കീപ്പര്‍ കീലര്‍ നവാസിലേക്ക് വരുന്നു. അതാവട്ടെ ഞെട്ടിപ്പിക്കുന്ന ഗോള്‍….! ഒന്നാം പകുതിക്ക് പിരിയുമ്പോള്‍ ലോക ചാമ്പ്യന്‍മാരായ റയല്‍ ഒരു ഗോളിന് പിന്നില്‍. അവിശ്വസനീയം. രണ്ടാം പകുതി തുടങ്ങിയതും വീണ്ടും റയല്‍ വലയില്‍ പന്ത്…! സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ബാന്‍ഡ്‌മേളങ്ങള്‍ ഉച്ചത്തിലായി… സിദാന്‍ തല താഴ്ത്തുന്നു. സ്‌റ്റേഡിയം സ്‌കോര്‍ കാര്‍ഡില്‍ 2-0 എന്ന് തെളിയുന്നു.
പക്ഷേ ലൈന്‍ റഫറി സംശയം പ്രകടിപ്പിച്ചപ്പോള്‍ ബ്രസീലുകാരനായ റഫറി സാന്‍ഡ്രോ റിച്ചി സ്വന്തം ഇയര്‍ ഫോണിലൂടെ പോര്‍ച്ചുഗീസുകാരനായ വീഡിയോ അസിസ്റ്റന്‍ഡ് റഫറി അര്‍തര്‍ ഡയസിന് നിര്‍ദ്ദേശം നല്‍കുന്നു. പന്ത് വലയിലാക്കിയ ജസീറ മുന്‍നിരക്കാരന്‍ മുബാറക് ബോസുഫ ഓഫ്‌സൈഡാണെന്ന് വീഡിയോ റഫറി വിധിക്കുന്നു…. ആശ്വാസത്തില്‍ റയല്‍ ക്യാമ്പ്. അതിനിടെ ജസീറ കാവല്‍ക്കാരന്‍ അലി കാഷിഫി പരുക്കുമായി മടങ്ങുന്നു. റയല്‍ തല ഉയര്‍ത്തുന്നു. പകരക്കാരനായ ഗോള്‍ക്കീപ്പര്‍ ഖാലിദ് സീനാനിയെ നിശ്ചലനാക്കി 53-ാം മിനുട്ടില്‍ തട്ടുതകര്‍പ്പന്‍ കൃസ്റ്റ്യാനോ ഗോള്‍. റയല്‍ ക്യാമ്പില്‍ അത് വെളിച്ചമായി. പത്ത് തവണ തുറന്ന അവസരങ്ങള്‍ തുലച്ച കരീം ബെന്‍സേമയെ മാറ്റി വെയില്‍സിന്റെ സൂപ്പര്‍ താരം ഗാരത് ബെയ്ല്‍ കയ്യടികളുടെ അകമ്പടിയില്‍ മൈതാനത്തേക്ക്. ആദ്യ മിനുട്ടില്‍ തന്നെ മാര്‍സിലോ നല്‍കിയ പാസില്‍ സുന്ദരമായ ഗോള്‍.
റയലിന് ലീഡ്… ശേഷിക്കുന്ന സമയത്ത് കണ്ടത് റയലിന്റെ മാച്ച് പ്രാക്ടീസ്… 93 മിനുട്ട് പിന്നിട്ട് റഫറി സാന്‍ഡ്രോ റിച്ചി ലോംഗ് വിസിലൂതുമ്പോള്‍ ആശ്വാസത്തോടെ റയല്‍ ക്യമ്പ്… അന്ധാളിപ്പോടെ അല്‍ജസീറ ക്യാമ്പും സ്‌റ്റേഡിയവും….സംഭവബഹുലമായിരുന്നു റയലിന്റെ 2-1 ജയം. സ്പാനിഷ് ലാലീഗ കിരീടവും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയ സംഘം ഇത്തരത്തില്‍ കളിച്ചാല്‍ ഇത്തവണ ഒരു കിരീടവും അവര്‍ക്ക് ലഭിക്കില്ല എന്നതിന്റെ ശക്തമായ തെളിവായിരുന്നു സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലെ അവരുടെ പ്രകടനം. നാണക്കേടിന്റെ തിരുമുറ്റത്തായിരുന്നു പലപ്പോഴും ടീം. കാസിമിറോ നയിച്ച പ്രതിരോധത്തിലെ രജതരേഖ പതിനെട്ടുകാരനായ പുത്തന്‍ താരം അഷ്‌റഫ് ഹക്കീമി മാത്രം. വിംഗുകളിലൂടെ കുതികുതിക്കുന്ന ഈ ചെറുപ്പക്കാരന്‍ നല്‍കിയ ഊര്‍ജ്ജമില്ലായിരുന്നെങ്കില്‍ താളമില്ലാത്ത മധ്യനിരയുടെ കഥയും കഴിയുമായിരുന്നു. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട ലുക്കാ മോഡ്രിച്ച് മാത്രമാണ് മല്‍സരത്തെ ഗൗരവത്തില്‍ കണ്ടത്. ബാലന്‍ഡിയോര്‍ ജേതാവ് റൊണാള്‍ഡോയെ ജസീറയുടെ രണ്ടും മൂന്നും പേര്‍ ചേര്‍ന്ന് മാര്‍ക്ക് ചെയ്തപ്പോള്‍ കരീം ബെന്‍സേമയെന്ന ഫ്രഞ്ചുകാരന്‍ വേഗതയില്‍ ശക്തനായി, ഫീനിഷിംഗില്‍ വട്ടപ്പൂജ്വുവുമായി.
രണ്ട് പകുതികളിലായി ഗോള്‍ക്കീപ്പറെ മാത്രം മുന്നില്‍ നിര്‍ത്തി ബെന്‍സീമയുടെ പലഷോട്ടുകളും പുറത്തായി. രണ്ട് തവണ ക്രോസ് ബാറും വില്ലനായി. പകരമിറങ്ങിയ ബെയിലാവട്ടെ പത്ത് മിനുട്ടിനിടെ ഒരു ഗോളും, ഒരു അക്രോബാറ്റിക് ഷോട്ടുമായി കാണികളെ കയ്യിലെടുക്കുകയും ചെയ്തു. പോരാട്ടത്തിലെ ഹീറോ യു.എ.ഇ ദേശീയ ടീമിന്റെ ഗോള്‍ക്കീപ്പറായ കാഷിഫി തന്നെയായിരുന്നു.
ആദ്യ മിനുട്ട് മുതല്‍ ടീമിന്റെ കപ്പിത്താന്‍ കൂടിയായ കാഷിഫിക്ക് പിടിപ്പത് ജോലിയായിരുന്നു. കൃസ്റ്റ്യാനോയും നാച്ചോയും ബെന്‍സേമയും മാറി മാറി കയറി വന്നപ്പോള്‍ പന്ത് ജസീറ ബോക്‌സില്‍ തന്നെയായിരുന്നു. ഇരുപത്തിമൂന്നാം മിനുട്ടില്‍ ബെന്‍സേമയുടെ ഹെഡര്‍ പോസ്റ്റില്‍ കയറിയിരുന്നു. പക്ഷേ റഫറി അനുവദിച്ചില്ല. പിറകെ നാച്ചോയുടെ ക്രോസിന് തല വെച്ച് കാസിമിറോ കാഷിഫിയെ പരാജിതനാക്കി. പക്ഷേ ജസീറ താരങ്ങള്‍ ഫൗളിന് പരാതിപ്പെട്ടപ്പോള്‍ റഫറി വീഡിയോ റഫറലിലേക്കു പോയി.
ഗോള്‍ അംഗീരിച്ചില്ല. പിറകെയായിരുന്നു ബ്രസീലുകാരനായ റൊമാരിഞ്ഞോയുടെ ഗോള്‍ വന്നതും റയല്‍ ഞെട്ടിയതും. അത് വരെയും സ്വന്തം ഗോള്‍മുഖം വിട്ട് മല്‍സരം ആസ്വദിക്കുകയായിരുന്നു കീലര്‍ നവാസ്. പെട്ടെന്നുള്ള പ്രത്യാക്രമണത്തില്‍ റയല്‍ ഡിഫന്‍സും വിറച്ചു. രണ്ട് പേരെ മറികടന്നുള്ള ബ്രസീലുകാരന്റെ ഷോട്ട് വലയില്‍ കയറി. ഞെട്ടിത്തരിച്ചു സ്‌റ്റേഡിയം. ആഹ്ലാദം അല്‍പ്പമധികം ദീര്‍ഘിച്ചു. ഒന്നാം പകുതിയില്‍ ജസീറക്ക് ലീഡ്,1-0…!രണ്ടാം പകുതി ആരംഭിച്ചതും അവിശ്വസനീയതയുടെ ആരവം… സ്‌റ്റേഡിയത്തിലെ 36,650 പേരും ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. ഈ കാണുന്നത് സത്യമാണോ… വീണ്ടും കീലര്‍ നവാസ് പരാജിതനായിരിക്കുന്നു. പ്രത്യാക്രമണത്തിനിടെ മുബാറക് ബോസുഫ ഓഫ്‌സൈഡായിരുന്നുവെന്നോ എന്നറിയാന്‍ വീണ്ടും വീഡിയോ ആശ്രയം… റഫറിയുടെ സംശയം സത്യമായിരുന്നു. റയല്‍ നെടുവീര്‍പ്പിട്ടു. കാലിലെ വേദനയില്‍ കാശിഫി തൊട്ടുപിറകെ മടങ്ങി. ആ പിന്‍മാറ്റമായിരുന്നു റയലിന്റെ പ്രതീക്ഷ.
പിറകെ സ്വതസിദ്ധമായ ക്ലീന്‍ ഷോട്ട് റൊണാള്‍ഡോ ഗോള്‍. സമനിലക്ക് ശേഷവും കളി ജസീറ ഹാഫില്‍ തന്നെ. ഒറ്റപ്പെട്ട് നടക്കുന്ന പ്രത്യാക്രമണത്തില്‍ മാത്രമായിരുന്നു ആതിഥേയര്‍. മാര്‍ക്കോ അസന്‍സിയോ എന്ന സ്പാനിഷ് യുവതാരം നാച്ചോക്ക് പകരം വരുന്നു. റയല്‍ നീക്കങ്ങള്‍ക്ക് വേഗത കൈവരുന്നു. ബെന്‍സേമയെ തിരിച്ചുവിളിച്ച് പകരം ഗാരത്ത് ബെയിലിനെയും സിസു ഇറക്കുന്നു.
പിറകെ വിജയ ഗോള്‍… പിറകെ ലോംഗ് വിസിലും. ഇത്രയും അദ്ധ്വാനം റയല്‍ പ്രതീക്ഷിച്ചിരുന്നില്ല. അനായാസം ജയിക്കാമെന്ന് കരുതിയ പോരാട്ടം ആവേശകരമാക്കിയ ജസീറക്ക് നിലക്കാത്ത കൈയ്യടികള്‍. നാളെയാണ് കലാശം. റയലിന്റെ പ്രതിയോഗികള്‍ ബ്രസീലുകാരായ ഗുമിറസ്. കപ്പ് നിലനിര്‍ത്താനായാല്‍ ഫിഫ ക്ലബ് ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ യൂറോപ്യന്‍ ക്ലബ് എന്ന ബഹുമതി റയലിന് നേടാം. പക്ഷേ ഈ ഫോമില്‍ അത് എളുപ്പമല്ല.