X

ജയരാജന്റെ പ്രസ്താവന ദുരുദ്ദ്യേശത്തോടെ; സിപിഎമ്മിന്റെ കുടില തന്ത്രം ജനങ്ങള്‍ക്ക് മനസ്സിലാകും: മുസ്‌ലിംലീഗ്‌

ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് പി. ജയരാജൻ നടത്തിയ പ്രസ്താവന ദുരുദ്ദേശ്യപരമാണെന്നും സി.പി.എമ്മിന്റെ കുടില തന്ത്രം ജനങ്ങൾക്ക് മനസ്സിലാകുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവർ. ആഗോള തലത്തിൽതന്നെ ഇല്ലാതാകുന്ന ഐ.എസ് എന്ന പ്രതിഭാസത്തെക്കുറിച്ച് ഇപ്പോൾ കേരളത്തിൽ ചർച്ച ചെയ്യുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ല. നഷ്ടപ്പെട്ട വോട്ട് കിട്ടാൻ വല്ല പിടിവള്ളിയും കിട്ടുമോ എന്ന് നോക്കിയതിന്റെ അടിസ്ഥാനത്തിലാണ് ജയരാജന്റെ പ്രസ്താവന. ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയിൽ നിർത്തുന്നത് ഒരു ജനാധിപത്യ പാർട്ടിക്ക് ചേർന്ന നിലപാടല്ല- സാദിഖലി തങ്ങൾ പറഞ്ഞു.

തീവ്രവാദ ശ്രമങ്ങളെ ഏത് കാലത്തും ശക്തമായി എതിർത്ത പാർട്ടിയാണ് മുസ്ലിംലീഗെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ശ്രമം വന്നിട്ടുണ്ടെങ്കിൽ ഞങ്ങൾ അതിനെ നഖശിഖാന്തം എതിർത്തിട്ടുണ്ട്. ഭൂരിപക്ഷ വോട്ടാണ് വേണ്ടതെങ്കിൽ അതനുസരിച്ച ക്യാമ്പയിൻ സി.പി.എം നടത്തും. സഭാ നേതാക്കൾ ഉൾപ്പെടെ എല്ലാവരുമായും നല്ല ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുസ്ലിംലീഗ് എതിർപ്പ് രേഖപ്പെടുത്തിയതാണെന്നും ഒരു ചർച്ചയും കൂടാതെ പെട്ടെന്ന് റിപ്പോർട്ട് നൽകിയത് പ്രഹസനമാണെന്നും നേതാക്കൾ പറഞ്ഞു. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന വ്യക്തമായ ഈ രാഷ്ട്രീയ അജണ്ടയെ എതിർത്ത് തോൽപിക്കണമെന്നും നേതാക്കൾ വ്യക്തമാക്കി. ബി.ജെ.പിക്ക് ഇത് നടപ്പാക്കാൻ സാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോ കമ്മിഷനിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും മുസ്ലിംലീഗ് പ്രതിനിധികൾ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പറയേണ്ട എല്ലാ ബോഡികളിലും ഇക്കാര്യം മുസ്ലിംലീഗ് ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

webdesk13: