എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിമരെ മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണം ലാഘവത്തോടെ കാണാന്‍ കഴിയുന്നതല്ല. ആയുര്‍വേദ ഗ്രാമമെന്ന നിലയില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ പേരിലാണ് ഇ.പി ജയരാജനെതിരെ പാര്‍ട്ടി യോഗത്തില്‍ പി. ജയരാജന്‍ ആരോപണമുന്നയിച്ചത്. ഇ.പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിക്ക് കീഴില്‍ തുടക്കം കുറിച്ച റിസോര്‍ട്ടും അനുബന്ധ പദ്ധതികളും ചൂണ്ടിക്കാട്ടി ജയരാജന്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന ഗുരുതര ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചത്. പാര്‍ട്ടി ശക്തികേന്ദ്രമായ മൊറാഴയില്‍ വെള്ളിക്കീലിലെ പാലോകുന്നിന് മുകളില്‍ കുന്നിടിച്ച് നിരത്തിയാണ് റിസോര്‍ട്ട് നിര്‍മാണം. ഏറെ നാളായി സി.പി.എം അണികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവമാണിത്. വലിയ കര്‍ഷക പോരാട്ടം നടന്ന സ്ഥലമാണിവിടം. ആന്തൂര്‍ നഗരസഭയില്‍നിന്ന് അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു. ധര്‍മശാലയില്‍ ഇവര്‍ക്ക് നേരത്തെ ഓഫീസുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഇവിടെ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആയിട്ടില്ല.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് രണ്ട് വര്‍ഷം മുമ്പ്, 2014ലാണ് കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് സ്ഥാപിതമാകുന്നത്. തുടക്കത്തില്‍ ഏഴ് ഡയറക്ടര്‍മാര്‍ ഉണ്ടായിരുന്ന കമ്പനിയില്‍ 2500 ഓഹരികളുള്ള പുതുശേരി കോറോത്ത് ജെയ്‌സണ്‍ ആണ് പ്രധാന ഡയറക്ടര്‍. പി.കെ ജെയ്‌സണ്‍ ഇ.പി ജയരാജന്റെ മകനാണ്. പിന്നീട് ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയും ഈ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വന്നു. പ്രാദേശിക തലത്തില്‍ പാര്‍ട്ടിക്ക് അനഭിമതരായവരുമായി ഇ.പി ജയരാജന്‍ സ്വത്ത് സമ്പാദനം നടത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെ, പി. ജയരാജന്റെ ആരോപണം ഇ.പി ജയരാജനും സി.പി.എമ്മും കുറേ നാളായി തുടര്‍ന്നുവരുന്ന സാമ്പത്തിക ക്രമക്കേടിന്റെ ഒരു വശം മാത്രമാണ്.
കമ്യൂണിസ്റ്റ് നേതാക്കള്‍ തൊഴിലാളികളെ വിട്ട് മുതലാളിമാരെ പുല്‍കുന്ന കാഴ്ചയാണ് കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്നത്. പാവങ്ങളെ വഴിയാധാരമാക്കി മുതലാളിമാര്‍ക്ക് കുഴലൂത്ത് നടത്തുന്ന സി.പി.എം മന്ത്രിമാരും സഞ്ചരിക്കുന്നത് മറ്റൊരു വഴിയിലല്ല. മുതലാളിമാരില്‍നിന്ന് ലഭിക്കുന്ന കമ്മീഷനും മറ്റ് സൗകര്യങ്ങളും ആസ്വദിക്കുന്നതില്‍ കമ്യൂണിസ്റ്റ് നേതാക്കളിപ്പോള്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. മുതലാളിമാര്‍ക്കൊപ്പം ബിസിനസ് ചെയ്യുന്നതിലും അവര്‍ക്കിപ്പോള്‍ കുഴപ്പമില്ല. ബൂര്‍ഷ്വ, പെറ്റി ബൂര്‍ഷ്വ എന്നീ വാക്കുകളൊക്കെ അവരിപ്പോള്‍ മറന്നുകഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ വേണം പുതിയ ആരോപണത്തെ സമീപിക്കേണ്ടത്.
സി.പി.എം പാര്‍ട്ടിക്കകത്തെ വെറും വിഭാഗീയത മാത്രമായി ഇതിനെ കാണാനാവില്ല. സാമ്പത്തിക ആരോപണങ്ങള്‍ക്കൊപ്പം വെള്ളിക്കീലിലെ സ്ഥാപനത്തെ കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ഉത്തമ ബോധ്യത്തോടെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു പി. ജയരാജന്റെ പരാമര്‍ശം. ഈ ആരോപണത്തിന്റെ മുന മുഖ്യമന്ത്രി പിണറായി വിജയനിലേക്കും ചെന്നെത്തുന്നുണ്ടെന്നു വേണം കരുതാന്‍. ഇത്തരത്തിലുള്ള സാമ്പത്തിക ആരോപണം മുഖ്യമന്ത്രിയുടെ മകളും നേരിടുന്നുണ്ട്. ജയരാജന്‍ തെറ്റുകാരന്‍ ആണെങ്കില്‍ പിണറായിയും തെറ്റുകാരന്‍ തന്നെയെന്ന് കരുതേണ്ടിവരും. ജയരാജന് എതിരെ അന്വേഷണം ആകാമെങ്കില്‍ പിണറായിക്കെതിരെയും അന്വേഷണം വേണം എന്ന് സാരം. തന്നെ പാര്‍ട്ടിയില്‍ നിശബ്ദരാക്കിയവര്‍ക്കെതിരെ കുറച്ചു കാലമായി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ് പി ജയരാജന്‍. ഇതാദ്യമായാല്ല ഇ.പി ജയരാജനെതിരെ പി. ജയരാജന്‍ പരാതി ഉന്നയിക്കുന്നത്. 2019ല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഈ വിഷയം ഉയര്‍ത്തിരുന്നു. സി. പി.എം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ പി. ജയരാജന്‍ ഉന്നയിച്ചിരുന്നു.
പാര്‍ട്ടിയിലെ സര്‍വ ശക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്. സ്വന്തമായി അന്വേഷണ കമ്മീഷനും കോടതിയും ശിക്ഷാവിധിയുമൊക്കെയുള്ള സി.പി.എമ്മിന് ഇതും അത്ര കാര്യമായ വിഷയമായിരിക്കില്ല. എന്നാല്‍ സി.പി.എം പോലുള്ള തൊഴിലാളി വര്‍ഗത്തിന്റെ വിയര്‍പ്പു തുള്ളികളില്‍നിന്ന് വളര്‍ന്ന ഒരു പ്രസ്ഥാനത്തിന് ഇത്തരം ആരോപണങ്ങള്‍ നാണക്കേട് തന്നെയാണ്. പ്രത്യേകിച്ചും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സമുന്നത നേതാവിനെക്കുറിച്ച്. അതിനാല്‍ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് സി.പി.എമ്മിന്റെ കടമയാണ്.