X

സെക്രട്ടേറിയറ്റ് യോഗം ഇന്ന്: ജയരാജന്റെ രാജിയറിയാന്‍ മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി ഇപി ജയരാജന്റെ രാജി സംബന്ധിച്ച വിവരങ്ങള്‍ ഇന്നറിയാം. ഇന്ന് ചേരുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജയരാജന്റെ കാര്യത്തില്‍ ത്വരിത പരിശോധന നടത്താനുള്ള വിജിലന്‍സ് തീരുമാനം ഇന്ന് ഉണ്ടാകുമെന്ന സാഹചര്യത്തില്‍ ജയരാജന്‍ സ്വയം രാജിവെക്കുന്നതിനാണ് കൂടുതല്‍ സാധ്യത.

രാവിലെ ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം ഏകദേശം ഉച്ചയോടുകൂടി രാജിയുടെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. മന്ത്രി രാജിവെക്കുകയാണെങ്കില്‍ പകരം മറ്റൊരു മന്ത്രി പെട്ടെന്ന് ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ വകുപ്പുമാറ്റം നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും വിജിലന്‍സ് അന്വേഷണം നേരിടുന്നയാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്നാണ് വിലയിരുത്തല്‍.

സിപിഐ, ജനതാദള്‍ (എസ്), എന്‍സിപി തുടങ്ങിയ സഖ്യകക്ഷികളും ജയരാജന്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന. സിപിഎമ്മിലെ ഒരു വിഭാഗത്തിനും ഈ നിലപാടാണുള്ളത്.

Web Desk: