X

ജയരാജന്‍ തിരിച്ചെത്തിയാല്‍ മന്ത്രിമാര്‍ക്ക് വകുപ്പുമാറ്റം; ജലീലിന് വിദ്യാഭ്യാസം, മൊയ്തീന് തദ്ദേശഭരണം

തിരുവനന്തപുരം: മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ സി.പി.എം സെക്രട്ടറിയേറ്റില്‍ ധാരണ. സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തിയാല്‍ മറ്റ് അംഗങ്ങളുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും.

മുമ്പ് ജയരാജന്‍ കൈകാര്യം ചെയ്ത വ്യവസായ, കായിക വകുപ്പുകള്‍ അദ്ദേഹത്തിനു നല്‍കാന്‍ ധാരണയായതായാണ് വിവരം. ഇതോടെ നിലവില്‍ വ്യവസായ വകുപ്പിന്റെ ചുമതലയുള്ള എ.സി മൊയ്തീന് തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കും.

കെ.ടി ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യക്ഷേമ വകുപ്പ് എന്നീ വകുപ്പുകള്‍ നല്‍കാനാണ് സി.പി.എം സെക്രട്ടറിയേറ്റില്‍ ധാരണയായത്. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

സി.പി.ഐ ആദ്യം എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു. സിപിഐക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കും. എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.

2016 ഒക്ടോബര്‍ 14നാണ് ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് പിണറായി മന്ത്രിസഭയിലെ രണ്ടാമനും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെ പുറത്താക്കിയത്.

chandrika: