തിരുവനന്തപുരം: ആലപ്പാട് സമരം നടത്തുന്നവര്‍ പുറത്തു നിന്നുള്ളവരെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നും സമര സമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നും ജയരാജന്‍ പറഞ്ഞു.
ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും സമരത്തെ എതിര്‍ത്ത് ജയരാജന്‍ രംഗത്തെത്തിയത്. വ്യവസായം പൂട്ടിയാല്‍ എന്തെന്നാണ് സമരക്കാരുടെ ചോദ്യം. ഇതെങ്ങനെ ശരിയാകുമെന്നു ജയരാജന്‍ ചോദിച്ചു. അതിനാല്‍ തന്നെ ഖനനം നിര്‍ത്തിവയ്ക്കില്ല. പുറത്തു നിന്നുള്ളവരാണ് സമരക്കാര്‍ എന്ന സര്‍ക്കാര്‍ വാദം ശരിയാണെന്നു അവിടെ ചെന്ന് നോക്കിയാല്‍ മനസിലാകുമെന്ന് ജയരാജന്‍ പറഞ്ഞു.
സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു കഴിഞ്ഞു. ഉടന്‍ തന്നെ ആലപ്പാട് സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ ആലപ്പാട്ടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. ടി.എന്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള സമിതി പഠനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.