ഔദ്യോഗികമായി പേര് മാറ്റി തമിഴ് നടൻ ജയം രവി. തൻ്റെ പേര് ഇനി മുതൽ രവി മോഹൻ എന്നാണെന്നും എല്ലാവരും ആ പേര് വിളിക്കണമെന്നുമാണ് താരത്തിന്റെ അഭ്യർത്ഥന. തൻ്റെ യാത്രയിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്ന തീരുമാനമാണിതെന്നും താരം പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് രവി ഈ കാര്യം വ്യക്തമാക്കിയത്.
“ഇന്നു മുതൽ ഞാൻ രവി/രവി മോഹൻ എന്നാകും അറിയപ്പെടുക. എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ മോഹങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒരു പേരാണിത്. എന്റെ ദർശനങ്ങളും മൂല്യങ്ങളുമായി എന്റെ ഐഡന്റിറ്റിയെ സമന്വയിപ്പിക്കുന്ന ഈ പുതിയ അധ്യായത്തിലേക്ക് ഞാൻ കടക്കുമ്പോൾ, എല്ലാവരും എന്നെ ഇനി ജയം രവി എന്നല്ല, രവി/രവി മോഹൻ എന്നു വിളിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ അഭ്യർത്ഥനയാണ്,” അദ്ദേഹം എക്സിൽ കുറിച്ചു.
‘രവി മോഹൻ സ്റ്റുഡിയോസ്’ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിക്കുന്നതായും താരം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ആകർഷകമായ കഥകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സ്ഥാപനം എന്നാണ് രവി മോഹന്റെ പ്രസ്താവന.
പ്രശസ്ത എഡിറ്റർ എ. മോഹന്റെ മകനും സംവിധായകൻ മോഹൻ രാജയുടെയും ഇളയ സഹോദരനുമാണ് രവി മോഹൻ. മോഹൻ രാജ സംവിധാനം ചെയ്ത ‘ജയം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തെ തുടർന്നാണ് താരം തന്റെ പേരിനു മുമ്പിൽ ‘ജയം’ എന്ന് കൂട്ടിച്ചേർത്തിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രവി, ഭാര്യ ആരതിയുള്ള ബന്ധം വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. 2009 ജൂണിൽ വിവാഹിതരായ ഇരുവർക്കും ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണുള്ളത്.