X
    Categories: indiaNews

അന്ന് ജയലളിതയുടെ ഇഷ്ടക്കാരന്‍; ഇന്ന് സ്റ്റാലിന്റെ തുറുപ്പ് ചീട്ട്, തന്ത്രങ്ങളുടെ തേരില്‍ സെന്തിലിന്റെ അതിവേഗ വളര്‍ച്ച

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന സെന്തില്‍ ബാലാജി, ജയലളിതയുടെ മരണത്തിനു പിന്നാലെയാണ് എ.ഐ.എ. ഡി.എം.കെ വിട്ട് ഡി.എം.കെയില്‍ ചേര്‍ന്നത്. ഡി. എം.കെ കരൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിച്ച സെന്തില്‍ ബാലാജിക്കായിരുന്നു കോയമ്പത്തൂര്‍, കരൂര്‍, ഈറോഡ് അടക്കമുള്ള തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ ജില്ലകളുടെ തിരഞ്ഞെടുപ്പ് ചുമതല. എ.ഐ.എ.ഡി.എം.കെക്ക് സ്വാധീനമുണ്ടായിരുന്ന മേഖലയില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ഡി.എം.കെ കാഴ്ച വെച്ചത്. ഇത് സെന്തില്‍ ബാലാജിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇതാണ് അദ്ദേഹത്തെ തിരഞ്ഞുപിടിച്ചു വേട്ടയാടാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.

അഭിപ്രായ ഭിന്നതകളെതുടര്‍ന്ന് ബി.ജെ.പി സഖ്യം ഉപേക്ഷിക്കാന്‍ എ.ഐ.എ.ഡി.എം.കെ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇ.ഡി റെയ്ഡിലൂടെ പുകമറ സൃഷ്ടിക്കാനുള്ള കേന്ദ്ര ശ്രമം. ജയലളിത സര്‍ക്കാറില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന 2011-15 കാലത്ത് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് ഒരു പതിറ്റാണ്ടിനു ശേഷമുള്ള ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം.

അതേസമയം അറസ്റ്റിലായ സെന്തില്‍ ബാലാജിയെ കോടതി ഈ മാസം 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റു ചെയ്തു. ചികിത്സയില്‍ ആയതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരാന്‍ കോടതി അനുമതി നല്‍കി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് അല്ലിയുടേതാണ് ഉത്തരവ്. ഇതിനിടെ സന്തില്‍ ബാലാജിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന വാദവുമയി ഇ.ഡി രംഗത്തെത്തി. ചോദ്യം ചെയ്യുന്നത് വരേയും മന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നാണ് ഇ.ഡി വാദം.

webdesk11: