ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണം 470 കടന്നതായി അണ്ണാഡിഎംകെ നേതൃത്വം അറിയിച്ചു. 280 പേര്‍ തലൈവിയുടെ രോഗത്തിലും മരണത്തിലും മരിച്ചതായി സൂചിപ്പിച്ച് പാര്‍ട്ടി നേതൃത്വം ഇന്നലെ വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് 470 പേര്‍ മരിച്ചതായി അറിയിച്ചത്. ചെന്നൈ, വെല്ലൂര്‍, തിരുവല്ലൂര്‍, തിരുന്നാമാലൈ, കുഡല്ലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്നാണ് പാര്‍ട്ടി വിശദീകരണം. അമ്മയുടെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം സഹായധനം നല്‍കും.
ജയലളിതയുടെ മരണം സ്ഥിരീകരിച്ച സമയത്ത് തന്നെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. പിന്നാലെ സംസ്‌കാര ചടങ്ങുകളില്‍ ഹൃദയാഘാതം സംഭവിച്ചും കുഴഞ്ഞുവീണും 77 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് മരിച്ചത് 470 പേര്‍
Tags: JJayalalithaa