ചെന്നൈ: ജയലളിതയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദ അനുഭവം തുറന്നുപറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിത തോല്‍ക്കാന്‍ കാരണം താനാണെന്ന് രജനീകാന്ത് പറഞ്ഞു. ദക്ഷിണേന്ത്യന്‍ കലാകാരന്മാരുടെ കൂട്ടമായ നടികര്‍ സംഘം സംഘടിപ്പിച്ച ജയലളിതയുടെ അനുശോചന യോഗത്തിലാണ് രജനീകാന്തിന്റെ തുറന്നു പറച്ചില്‍.
1996-ലെ ജയലളിതയുടെ തോല്‍വിക്ക് കാരണമായത് തന്റെ പരാമര്‍ശങ്ങളാണെന്ന് രജനികാന്ത് പറഞ്ഞു. ക്യാംപെയിനിനിടയില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അമ്മയുടെയും എഐഎഡിഎംകെയും തോല്‍വിക്ക് പ്രധാനപ്പെട്ട ഒരു കാരണമായിട്ടുണ്ട്. ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാന്‍ കഴിയില്ല എന്നായിരുന്നു അന്ന് ക്യാംപെയിനിനിടെ രജനീകാന്ത് പറഞ്ഞത്. ഇതായിരുന്നു പിന്നീട് തോല്‍വിയിലേക്ക് നയിച്ച കാരണങ്ങളിലൊന്നായത്.
ജയലളിതയുമായുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും തന്റെ മകളുടെ വിവാഹത്തിന് അവര്‍ പങ്കെടുത്തിരുന്നു. കാണാന്‍ അനുവാദം ലഭിച്ചുവെങ്കിലും വിവാഹത്തിനെത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും രജനീകാന്ത് പറഞ്ഞു. പാര്‍ട്ടി പരിപാടികളോ മറ്റ് ചടങ്ങുകളോ ഉണ്ടെങ്കിലും താങ്കളുടെ മകളുടെ വിവാഹത്തിന് എത്തുമെന്നാണ് അന്ന് ജയലളിത പറഞ്ഞത്. പിന്നീട് വിവാഹത്തിന് എത്തിയപ്പോഴാണ് അവര്‍ എത്രമാത്രം നല്ല സ്ത്രീയാണെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. ജയലളിത ഒരു വജ്രമായിരുന്നു. പുരുഷമേധാവിത്വസമൂഹത്തിന്റെ സമ്മര്‍ദ്ദത്തിനിടയിലും തിളങ്ങി നിന്ന വജ്രം. എംജിആറിന്റെ കല്‌ലറയ്ക്കരികെ വിശ്രമം കൊള്ളുന്ന കോഹിനൂര്‍ വജ്രമാണ് ജയലളിതയെന്നും രജനീകാന്ത് പറഞ്ഞു.