തമിഴ്മക്കളുടെ മനസ്സിലും തമിഴ് രാഷ്ട്രീയത്തിലും ജയലളിത എന്ന മഹാവൃക്ഷം പടര്‍ന്നു പന്തലിച്ചതിനു പിന്നില്‍ വലിയൊരു വീഴ്ചയുടെ കഥയുണ്ട്. വീഴ്ചയല്ല, ശരിക്കും തള്ളിയിടല്‍ തന്നെ. തന്റെ രാഷ്ട്രീയ ഗുരുവും ആരാധ്യ പുരുഷനുമായ എം.ജി.ആറിന്റെ മൃതദേഹത്തിനരികില്‍ വെച്ച് ഏറ്റുവാങ്ങേണ്ടി വന്ന അപമാനമാണ് അനാഥത്വത്തില്‍ നിന്ന് രാഷ്ട്രീയ വിജയത്തിന്റെ കൊടുമുടിയിലേക്ക് മുന്നേറാന്‍ ജയയെ പ്രാപ്തരാക്കിയത്.
തമിഴ് സിനിമയിലും രാഷ്ട്രീയത്തിലെയും അതികായനായിരുന്ന എം.ജി.ആറും ജയലളിതയും തമ്മിലുള്ള ബന്ധം രഹസ്യമായിരുന്നില്ല. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്താനും രാജ്യസഭാംഗമാവാനും അണ്ണാ ഡി.എം.കെയുടെ പ്രചരണ വിഭാഗം സെക്രട്ടറിയാവാനുമൊക്കെ ജയക്ക് എം.ജി.ആറിന്റെ ആശിര്‍വാദവും പിന്തുണയുമുണ്ടായിരുന്നു.
എന്നാല്‍, തന്റെ ഔദ്യോഗിക ഭാര്യയായി എം.ജി.ആര്‍ ജയയെ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ തന്നെ, എം.ജി.ആര്‍ മരണമടഞ്ഞപ്പോള്‍ അവരെ ക്രൂരമായി ഒഴിവാക്കാനാണ് കുടുംബം സന്നദ്ധരായത്. പക്ഷേ, ആരാധനയോടെ താന്‍ കണ്ടുപോന്ന എം.ജി.ആറിന്റെ അവസാന നിമിഷങ്ങളില്‍ നിന്ന് ജയലളിതയെ അകറ്റാനുള്ള കുടുംബത്തിന്റെ ശ്രം, കാറ്റ് വിപരീത ദിശയില്‍ അടിച്ചുവീശാന്‍ കാരണമായി.
എം.ജി.ആറിന്റെ അന്ത്യയാത്രക്കിടെ ഏറ്റ അവഹേളനം ജയലളിത തന്നെ പിന്നീട് വിശദീകരിക്കുകയുണ്ടായി.
ആ കഥ ജയലളിത തന്നെ പറയുന്നതിങ്ങനെ:
‘1989 ഡിസംബര്‍ 24നാണ് എം.ജി.ആറിന്റെ വിയോഗ വാര്‍ത്ത ഒരു സുഹൃത്ത് വഴി അറിയുന്നത്. വാര്‍ത്ത കേട്ട ഞെട്ടലോടെ ഞാന്‍ നേതാവിന്റെ വീട്ടിലേക്ക് ഓടിച്ചെന്നു. എന്നാല്‍ ആവീട്ടിലെ എല്ലാ വാതിലുകളും എനിക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടു. ഏറെ പണിപ്പെട്ടെങ്കിലും വീടനകത്ത് കയറാനോ എം.ജി.ആറിന്റെ മൃതശരീരത്തിനെത്താനോ കഴിഞ്ഞില്ല. എന്നെ തടയാന്‍ പ്രത്യേകമായി ആളെ ഏല്‍പ്പിച്ചിരുന്നു… പിന്നീടാണ് പിന്‍വാതില്‍ വഴി മൃതദേഹം പൊതുദര്‍ശനത്തിനായി കൊണ്ടുപോയ കാര്യം ഞാനറിഞ്ഞത്.’
‘ആംബുലന്‍സിനു പിന്നാലെ അതിവേഗമെത്താന്‍ ഞാന്‍ എന്റെ ഡ്രൈവറോട് ആവശ്യപ്പെട്ടു. ആംബുലന്‍സിനും എന്റെ കാറിനുമിടയില്‍ മറ്റൊരു വാഹനവും തടസ്സം സൃഷ്ടിക്കരുതെന്ന നിര്‍ദേശം ഡ്രൈവര്‍ പാലിച്ചു. അങ്ങനെ, രാജാജി ഹാളിലെ പൊതുദര്‍ശന സ്ഥലത്ത് മൃതദേഹത്തിനൊപ്പമെത്താന്‍ സാധിച്ചു.’
‘അന്നു രാത്രി നേതാവിന്റെ അരികില്‍ 13 മണിക്കൂറും പിറ്റേന്ന് എട്ടുമണിക്കൂറും പ്രിയ നേതാവിനൊപ്പം ചിലവഴിച്ചു. ഏഴോ എട്ടോ പേരുള്ള അവര്‍ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ചിലരെന്റെ കാലില്‍ നഖങ്ങള്‍ ആഴ്ത്താന്‍ തുടങ്ങി. മറ്റു ചിലര്‍ ശരീരമാസകലം ഉപദ്രവിക്കാന്‍ തുടങ്ങി. അവസാന കര്‍മങ്ങള്‍ക്കായി രാജാജി ഹാളില്‍ നേതാവിനെ എടുത്തപ്പോള്‍ ചടങ്ങില്‍ നിന്ന് എന്നെ മനപ്പൂര്‍വം തഴഞ്ഞു.’
‘മൃതദേഹം തുറന്ന വാഹനത്തിലേക്കെടുത്തപ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചു. വാഹനത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ എം.എല്‍.എ രാമലിംഗം ആക്രോശത്തോടെ എനിക്കു നേരെ പാഞ്ഞടുത്തു. പെട്ടെന്ന് നീലക്കുപ്പായമിട്ട ഒരുത്തന്‍ വാഹനത്തിലേക്കു കയറി എന്നെ നെറ്റിയില്‍ തള്ളി പുറത്തേക്കു വീഴ്ത്തി. കാവല്‍ നിന്നിരുന്ന സൈനികര്‍ എന്നെ വണ്ടിയില്‍ തിരികെ കയറ്റാന്‍ ശ്രമിച്ചെങ്കിലും അയാള്‍ – എം.ജി.ആറിന്റെ ഭാര്യ ജാനകിയുടെ ഇളയ സഹോദരന്റെ മകന്‍ ദീപന്‍ ആണതെന്ന് പിന്നീട് ഞാനറിഞ്ഞു – എന്നെ തള്ളുകയും പുറത്താക്കുകയും ചെയ്തു. എനിക്ക് മുറിവേല്‍ക്കുകയും ശരീരം മുഴുവന്‍ വേദനിക്കുകയും ചെയ്തു.’
ആ വീഴ്ച പക്ഷേ, ജയലളിതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണമാവുകയായിരുന്നു, ഒരു ഫോട്ടോഗ്രാഫിന്റെ രൂപത്തില്‍. അന്നത്തെ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ആ ദൃശ്യം പകര്‍ത്തുകയും പിറ്റേന്ന് പത്രത്തില്‍ വരികയും ചെയ്തു. തമിഴ്‌നാട്ടില്‍ നന്നുള്ള ദി ഹിന്ദു ആ ഫോട്ടോ പുനഃപ്രസിദ്ധീകരിച്ചതോടെ ജനങ്ങളുടെ സഹതാപം ജയക്ക് ആവോളം ലഭിച്ചു.. പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനും പ്രതിപക്ഷ നേതാവാകാനുമുള്ള ഭാഗ്യം ജയലളിതക്ക് ലഭിക്കുകയും ചെയ്തു.