ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണവും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്റ്റാലിന്‍ കത്തയച്ചു. ചികിത്സ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തിവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ജയലളിതയുടെ രോഗവിവരം തുടക്കം മുതല്‍ ഒടുക്കം വരെ അതീവ രഹസ്യമായി സൂക്ഷിച്ചത് എന്തിനു വേണ്ടിയായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ എഐഎഡിഎംകെ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ജയലളിതയുടേത് അസ്വാഭാവിക മരണമാണ് എന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അവരുടെ ചികിത്സക്കായി 80 കോടി രൂപ ചെലവഴിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വ്യക്തമായ വിവരം നല്‍കാന്‍ സര്‍ക്കാര്‍ ഇനിയും തയാറാകാത്തത് ദുരുഹതയുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ സന്നദ്ധ സംഘടന സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെയാണ് സ്റ്റാലിന്‍ രംഗത്തുവന്നത്.
ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ജയലളിതയെ സംബന്ധിച്ച കാര്യങ്ങളില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഉയര്‍ന്നിരുന്നത്. സന്ദര്‍ശകരെ അനുവദിക്കുകയോ വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്യാത്തതിനാല്‍ ‘അമ്മ’യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സിനിമാ താരങ്ങളും രംഗത്തുവന്നിരുന്നു.