X

ജയയുടെ വിയോഗത്തില്‍ വിതുമ്പി കരുണാനിധിയുടെ ഡിഎംകെയും

ചെന്നൈ: ജയലളിതയുടെ വിയോഗത്തില്‍ വിതുമ്പി കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെയും. ആളും ആരവവും കൊണ്ട് നിറഞ്ഞ ഡിഎംകെ ആസ്ഥാനമന്ദിരം ഇന്നലെയും ഇന്നും നേതാക്കളും പ്രവര്‍ത്തകരുമൊന്നുമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ജയലളിതയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വെച്ച രാജാജി ഹാളിലാണുള്ളത്. മുഖ്യ രാഷ്ട്രീയ എതിരാളിയായിരുന്നെങ്കിലും ജയലളിതയുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയും അനുശോചിച്ചു. തമിഴ്‌നാടിന് തീരാ നഷ്ടമാണ് ജയയുടെ വിയോഗമെന്ന് അദ്ദേഹം പറഞ്ഞു. ജയയുടെ ലക്ഷക്കണക്കിന് അനുയായികളുടെ പ്രാര്‍ത്ഥന അവരുടെ കൂടെയുണ്ടെന്നും ജനമനസുകളില്‍ അവര്‍ അനശ്വരമായി തുടരുമെന്നും കരുണാനിധി അനുശോചിച്ചു. അലര്‍ജിയെ തുടര്‍ന്ന് ആള്‍വാര്‍പേട്ടിലെ കാവേരി ആസ്പത്രിയില്‍ ചികിത്സയിലാണ് കരുണാനിധിയിപ്പോള്‍.

മകനും കരുണാനിധിയുടെ പിന്‍ഗാമിയുമായ സ്റ്റാലിനും ജയലളിതയുടെ വിയോഗത്തില്‍ അനുശോചിച്ചു. തമിഴ്‌നാട് ജനതക്കു നികത്താനാവത്ത നഷ്ടമാണ് മുഖ്യമന്ത്രി സെല്‍വി ജയലളിതയുടെ മരണത്തിലൂടെയുണ്ടായിരിക്കുന്നതെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ജനപ്രിയ നേതാവും തമിഴ്‌നാടിന്റെ ഉരുക്കുവനിതയുമായിരുന്നു അവരെന്നും സ്റ്റാലിന്‍ അനുസ്മരിച്ചു.

chandrika: