X

എഐഎഡിഎംകെയില്‍ പൊട്ടിത്തെറി;’ചിന്നമ്മക്ക്’ പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യതയില്ലെന്ന് ശശികല പുഷ്പ

ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട ജയലളിതയുടെ തോഴി ശശികലയെ അംഗീകരിക്കില്ലെന്ന് എഐഎഡിഎംകെയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍. ആരണിയില്‍ നടന്ന യോഗത്തില്‍ ഈ വിഷയത്തിലെ തര്‍ക്കംമൂലം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പേര് ഉയര്‍ന്നുകേട്ടപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.

ജയലളിത അനുസ്മരണയോഗത്തില്‍ മന്ത്രി ആര്‍പി ഉദയകുമാര്‍ സംസാരിക്കുമ്പോഴാണ് ശശികലയെ ചിന്നമ്മ എന്ന് അഭിസംബോധന ചെയ്തത്. എന്നാല്‍ ചിന്നമ്മ വിളിയില്‍ പ്രതിഷേധം പ്രകടിപ്പിച്ച് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നീട് ശശികലയുടെ കോലം കത്തിക്കുകയും ചെയ്തു.

പാര്‍ട്ടിയെ നയിക്കാന്‍ ചിന്നമ്മക്ക് യോഗ്യതയില്ലെന്ന് ശശികല പുഷ്പയും പറഞ്ഞു. പാര്‍ട്ടിയില്‍ ചെറിയ സ്ഥാനം പോലും ശശികലക്ക് നല്‍കാന്‍ ജയലളിത ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ ജീവിതം അവര്‍ക്ക് യോജിച്ചതല്ലെന്ന് ജയലളിതക്കറിയാവുന്നത് കൊണ്ടാണിത്. ജയലളിതയെ കൊല്ലാന്‍ ശ്രമിച്ചതിനും ഗൂഢാലോചന നടത്തിയതിനും ജയലളിത ഒരിക്കല്‍ ശശികലയെ പുറത്താക്കിയതാണ്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ശശികല പുഷ്പ ആവശ്യപ്പെട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയില്‍ ആകണമെന്ന് ആവശ്യപ്പെട്ട് താന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ശശികല പുഷ്പ കൂട്ടിച്ചേര്‍ത്തു.

chandrika: