X
    Categories: MoreViews

ശശികല തമിഴ്‌നാട് മുഖ്യമന്ത്രി! നാളെ എംഎല്‍എമാരുടെ യോഗം

ചന്നൈ: മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെ മാറ്റി ജയലളിതയുടെ ഉറ്റ തോഴിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ ശശികല തമിഴ്‌നാടിന്റെ ഭരണമേറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള നീക്കങ്ങള്‍ ശശികല ആരംഭിച്ചതായി പാര്‍ട്ടി നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നാളെ രാവിലെ പത്തു മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. ഈ മാസം ഏഴിനോ എട്ടിനോ സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നാണ് സൂചന. നേരത്തെ സ്വത്തു സമ്പാദനക്കേസില്‍ വിധി വന്നതിനു ശേഷം മുഖ്യമന്ത്രിയായാല്‍ മതിയെന്നായിരുന്നു ശശികലയുടെ തീരുമാനം. എന്നാല്‍ ജെല്ലിക്കെട്ട് സമരത്തില്‍ വിജയിച്ചതോടെ പനീര്‍ശെല്‍വത്തിന്റെ പ്രതിച്ഛായ ഉയര്‍ന്നിരുന്നു. ഇതോടെയാണ് അതിവേഗനീക്കത്തിന് ശശികല മുതിര്‍ന്നത്. ജയലളിതയുടെ വിശ്വസ്തയായിരുന്ന ഷീല ബാലകൃഷ്ണന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും അവര്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാറിന്റെ ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് രാജിവെച്ചിരുന്നു. ഇത് ശശികലയുടെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. 13 ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 23 സീനിയര്‍ അംഗങ്ങള്‍ക്ക് ശശികല പാര്‍ട്ടിയുടെ പ്രധാന ചുമതല നല്‍കിയിരുന്നു. ഇതില്‍ ഒമ്പതു പേര്‍ മുന്‍ മന്ത്രിമാരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്കെതിരെ ഉയരാനുള്ള വിമത ശബ്ദങ്ങള്‍ ഇല്ലാതാക്കാനും പാര്‍ട്ടിയില്‍ സ്വാധീനം ശക്തിപ്പെടുത്താനുമാണ് ശശികലയുടെ പുത്തന്‍ പരിഷ്‌കാരങ്ങളെന്നാണ് വിവരം.

chandrika: