ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ 69ാം പിറന്നാള്‍ ആഘോഷമാക്കി അണ്ണാ ഡി.എം.കെ. ശശികല വിഭാഗം പാര്‍ട്ടി ആസ്ഥാനത്തും ഒ. പി.എസ് വിഭാഗം പന്നീര്‍ശെല്‍വത്തിന്റെ വസതിയിലും നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി യഥാര്‍ഥ അണ്ണാ ഡി.എം.കെ തങ്ങളാണെന്ന് തെളിയിക്കാനുള്ള മല്‍സരത്തിലായിരുന്നു ഇരുവിഭാഗങ്ങളും. ബംഗളൂരു ജയിലില്‍ കഴിയുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ നിര്‍ദേശാനുസരണം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ പാര്‍ട്ടി ആസ്ഥാനത്തെ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മന്ത്രിമാരും എം.എല്‍എമാരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ജന്മദിനത്തോടനുബന്ധിച്ച് 500 ടാസ്മാക്ക് മദ്യക്കടകളും 169 ബാറുകളും സര്‍ക്കാര്‍ പൂട്ടി. 69 ലക്ഷം വൃക്ഷതൈകള്‍ നട്ടു. വിപുലമായ ആഘോഷപരിപാടികളാണ് ഒ. പി.എസും സംഘവുമൊരുക്കിയത്. വീട്ടിലെത്തിയ അണികള്‍ക്ക് പനീര്‍സെല്‍വം സമ്മാനങ്ങള്‍ നല്‍കി.