X

മക്കള്‍ നെഞ്ചേറ്റി വിളിച്ച ആ വാക്കു തന്നെയായിരുന്നു ജയലളിതയെ വേദനിപ്പിച്ചത്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ജീവിതത്തിലുടനീളം വേദനിപ്പിച്ച ഒരു വാക്കുണ്ടായിരുന്നു ‘അമ്മ’. തമിഴ് ജനത തങ്ങളുടെ നേതാവിനെ ഏറെ ബഹുമാനത്തോടെ നെഞ്ചേറ്റി വിളിച്ച അതേ വാക്കു തന്നെ. ജയയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച വാക്കായിരുന്നു അത്. കുഞ്ഞുനാളില്‍ അമ്മയുടെ സ്‌നേഹം ഇല്ലാതെ വളര്‍ന്നതാണ് അമ്മയെന്ന വാക്ക് ജയലളിതക്ക് മുറിവുകള്‍ സമ്മാനിക്കാനിടയായത്. ടിവി അവതാരകയായ സിമി ഗര്‍വാളിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജയലളിത തന്റെ മനസ്സ് തുറന്നത്.


സിനിമാ തിരക്കിലായിരുന്ന അമ്മ വേദവല്ലിയുടെ അസാന്നിധ്യമായിരുന്നു കുഞ്ഞു ജയയെ അത്യന്തം വേദനിപ്പിച്ചത്. വീട്ടുജോലിക്കാരിക്കൊപ്പം തനിച്ചായി പോയ ജയയെ തേടി അമ്മ വരാറുണ്ടായിരുന്നു. എന്നാല്‍ നിമിഷ നേരം കൊണ്ട് അവര്‍ സിനിമയുടെ ലോകത്തേക്ക് തിരിച്ചുപോകുന്നത് നിറകണ്ണുകളോടെയായിരുന്നു കുഞ്ഞു ജയ നോക്കിയിരുന്നത്. അമ്മക്കൊപ്പം കളിക്കാനും സംസാരിക്കാനും കൊതിച്ച ജയക്ക് കൂട്ടായിരുന്നത് വീട്ടുജോലിക്കാരി മാത്രമായിരുന്നു.

ഉറക്കത്തില്‍ എഴുന്നേറ്റ് തന്നെ വിട്ടു പോകാതിരിക്കാന്‍ അമ്മയുടെ സാരിത്തുമ്പ് തന്റെ കൈയില്‍ കെട്ടിയിടുമായിരുന്നുവെന്ന് ജയലളിത അഭിമുഖത്തില്‍ ഓര്‍ക്കുന്നുണ്ട്. ഇത്രയേറെ ശ്രദ്ധ ആ കുഞ്ഞ് മനസ്സ് നല്‍കിയിരുന്നെങ്കിലും അമ്മ പോകും. താനുടുത്ത സാരി അതേപടി അഴിച്ച് വീട്ടുജോലിക്കാരിയെ ഉടുപ്പിച്ച് അവരെ കുഞ്ഞു ജയയുടെ അടുത്ത് കിടത്തിയായിരുന്നു അമ്മ സിനിമാ അഭിനയത്തിനായി പോയിരുന്നത്. ഉണരുമ്പോള്‍ അമ്മയുടെ സാരിത്തലക്കല്‍ വീട്ടുജോലിക്കാരിയുടെ ഉടല്‍. കരഞ്ഞു തീര്‍ത്ത പകലുകളുടെ എണ്ണം സിമി ഗര്‍വാളിനോട് പറയുമ്പോഴും ജയലളിതയുടെ മനസ്സ് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

ആ കുഞ്ഞ് വളര്‍ന്ന് ഒരു നാടിന്റെ തന്നെ നേതാവായി മാറി. ജീവിതത്തില്‍ അമ്മയായില്ലെങ്കിലും അവള്‍ തമിഴരുടെ ഒന്നടങ്കം അമ്മയായി. പ്രായമേറിയവരുടെ പോലും അമ്മയായി. മക്കള്‍ ഓരോരുത്തരുടെയും അമ്മ വിളി കേള്‍ക്കുമ്പോള്‍ അറിയാതെയാണെങ്കിലും ജയയുടെ മനസ്സ് വിതുമ്പിയിരുന്നു, സ്വന്തം അമ്മയുടെ സ്‌നേഹത്തിനായി…

Watch Video: 

chandrika: