ചെന്നൈ: അന്തരിച്ച ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുകള്‍ ഇനിയാര്‍ക്കാര്‍ക്കാണെന്നുള്ള ചോദ്യമുയരുന്നു. ഉറ്റതോഴി ശശികലയും മറ്റു ബന്ധുക്കളും ചുറ്റിലുമുണ്ട്. എങ്കിലും കൃത്യമായി സ്വത്തിന്റെ അവകാശിയാരാണെന്ന് ശശികലക്ക് മാത്രമാണ് അറിയുന്നത്. സ്വത്തുക്കള്‍ ശശികലക്കും ചില വ്യക്തികള്‍ക്കും ട്രസ്റ്റിനും ഒസ്യത്തായി എഴുതിവെച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.
1991-ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമ്പോള്‍ മൂന്നുകോടിയായിരുന്നു. പിന്നീടത്
66കോടിയായി. ജയലളിതയുടേയും ബിനാമികളുടേയും പേരില്‍ തമിഴ്‌നാട്ടിലും പുറം സംസ്ഥാനങ്ങളിലുമായി നിരവധി സ്വത്തുക്കളുണ്ട്. നീലഗിരിയില്‍ 4,000 കോടി രൂപ വിലമതിക്കുന്ന എസ്റ്റേറ്റുണ്ട് ജയലളിതക്ക്. തിരുനല്‍വേലിയില്‍ 1,197 ഏക്കര്‍, വാലാജപേട്ടയില്‍ 200 ഏക്കര്‍, ഊത്തുക്കോട്ടയില്‍ 100 ഏക്കര്‍, ശിറുതാവൂരില്‍ 25 ഏക്കര്‍, കാഞ്ചിപുരത്തില്‍ 200 ഏക്കര്‍, തൂത്തുക്കുടി തിരുവൈകുണ്ഠത്ത് 200 ഏക്കര്‍, സ്വകാര്യ ആഗ്രോ ഫാമിന്റെ പേരില്‍ 100 ഏക്കര്‍, ഹൈദരാബാദിലെ 14.50 ഏക്കര്‍ മുന്തിത്തോട്ടം ഇവയൊക്കെ വേറെയും. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള വസതിക്ക് 100കോടിയിലധികം വിലവരും. 24,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട് വേദനിലയം വസതിക്ക്.
അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് പോയസ് ഗാര്‍ഡനില്‍ നിന്നും 21.283 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. 2015-ല്‍ തനിക്ക് മൊത്തം 117.13കോടി രൂപയുടെ സ്വത്തുക്കള്‍ ഉണ്ടെന്ന് ജയലളിത ഇലക്ഷന്‍ കമ്മീഷനെ അറിയിച്ചിരുന്നു.