ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദം ഉന്നയിച്ച് യുവാവ് രംഗത്ത്. ഈറോഡ് സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് താന്‍ ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. നേരത്തെ ജയലൡതയുടെ മകളാണെന്ന് അവകാശപ്പെട്ട് ഒരു യുവതി വന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവാവും രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയെ കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണമൂര്‍ത്തി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ജയലളിതയുടെ സുഹൃത്ത് വനിതാമണിയുടെ വീട്ടിലാണ് താന്‍ താമസിക്കുന്നതെന്നും തന്നെ എടുത്തു വളര്‍ത്തിയ മാതാപിതാക്കള്‍ ഇവിടെയുണ്ടെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. 2016 സെപ്തംബര്‍ 14ന് പോയസ് ഗാര്‍ഡനിലെത്തി ജയലളിതയെ സന്ദര്‍ശിച്ചിരുന്നതായി ഇയാള്‍ അവകാശപ്പെടുന്നു. അമ്മക്കൊപ്പം നാലു ദിവസത്തോളം താമസിച്ചിരുന്നതായും മകനാണെന്ന കാര്യം ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താന്‍ അമ്മ തീരുമാനിച്ചിരുന്നുവെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. എന്നാല്‍ തന്നെ മകനായി അംഗീകരിക്കുന്നതില്‍ അമ്മയുടെ തോഴി ശശികലക്ക് ഇഷ്ടമില്ലായിരുന്നു. ഇതിനെച്ചൊല്ലി അമ്മയും ശശികലയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ശശികല ജയലളിതയെ തള്ളി താഴെയിടുകയും ചെയ്തിരുന്നു. സ്റ്റെപ്പിനു മുകളില്‍ നിന്ന് താഴെ വീണാണ് ജയലളിതക്ക് പരിക്കേറ്റതെന്നും ഇയാള്‍ പറയുന്നു.
അമ്മയുടെ സ്വത്തുവകകളുടെ അവകാശി താന്‍ മാത്രമാണെന്ന അവകാശവാദവും കൃഷ്ണമൂര്‍ത്തി ഉന്നയിച്ചു. ഭയം കാരണമാണ് ഇതുവരെയും ഒന്നും പറയാതിരുന്നതെന്നും ശശികല ജയിലിലായ സാഹചര്യത്തില്‍ തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.
എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് നേരത്തെ പ്രിയാലക്ഷ്മി എന്നൊരു യുവതിയാണ് രംഗത്തുവന്നിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തി ഇവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കൃഷ്ണമൂര്‍ത്തിയുടെ വാദം അന്വേഷിച്ചു വരികയാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ ഇയാള്‍ വന്നതെന്ന് പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.