ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം അവരുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങള്‍ ഉയര്‍ന്നുവരികയാണ്. 2012-ല്‍ തെഹല്‍ക്ക പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇപ്പോള്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടനുസരിച്ച് സംശയത്തിന്റെ മുന നീളുന്നത് ഉറ്റതോഴി ശശികലയിലേക്കാണ്. അതുകൊണ്ടുതന്നെ ശശികല നല്‍കിയ വിഷം ഉള്ളില്‍ച്ചെന്നാണ് ജയലളിത മരിച്ചതെന്ന രീതിയിലുള്ള സംശയങ്ങള്‍ തള്ളിക്കളയാനുമാകില്ല. കൂടാതെ പുറത്താക്കിയ എംഎല്‍എ ശശികല പുഷ്പ ജയലളിതയുടെ അസുഖത്തില്‍ സംശയമുണ്ടെന്ന ആരോപണവുമായി രംഗത്തുവന്നതും മരണത്തെ ദുരൂഹമാക്കുന്നു.
മൂന്ന് ദശാബ്ദക്കാലത്തെ സൗഹൃദമാണ് ജയലളിതയും ശശികലയും തമ്മില്‍. ഇഷ്ടപ്പെട്ട കാസറ്റുവാങ്ങിക്കാനായി ജയലളിത സമീപിച്ചിരുന്നത് ശശികലയെയായിരുന്നു. ജയയുടെ പരിപാടികളുടെ വീഡിയോ എടുത്തുനല്‍കുന്നയാളായി ശശികല മാറിയതിന് ശേഷമാണ് അവരുടെ സൗഹൃദം കൂടുതല്‍ ശക്തിപ്പെട്ടത്. അങ്ങനെ മുഖ്യമന്ത്രിപ്പദത്തിലെത്തിയ ജയലളിതയൊപ്പം കരുത്തുനേടി ശശികലയും വളര്‍ന്നു. ശശികലക്ക് മന്നാര്‍ഗുഡി മാഫിയയുമായുള്ള ബന്ധം ജയയുടെ ഭരണത്തിലും സ്വാധീനം ചെലുത്തി. ജയയിലും ഭരണത്തിലും സ്വാധീനം ചെലുത്തി വളര്‍ന്ന ആ ബന്ധത്തില്‍ പിന്നീട് കണ്ടത് വിള്ളലായിരുന്നു.
അധികാരത്തിലേറിയ ജയലളിതയുടെ ഭരണത്തില്‍ മന്നാര്‍ഗുഡി മാഫിയ ഇടപെട്ടെന്നും പിന്നീട ജയലളിതയുടെ പേരിലുള്ള വ്യാജ ഒപ്പുകള്‍ നിര്‍മ്മിച്ച് പല പ്രധാനപ്പെട്ട ഫയലുകള്‍ ശശികല നീക്കം ചെയ്തിരുന്നുവെന്നും തെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മനസ്സിലാക്കാന്‍ ജയയെ സഹായിച്ചത് മോദിയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ സുഹൃത്ത് തമിഴ്‌നാട്ടില്‍ ഒരു പദ്ധതിയുമായെത്തിയപ്പോള്‍ ശശികല ആവശ്യപ്പെട്ടത് 15ശതമാനം കമ്മീഷനായിരുന്നുവത്രേ. പദ്ധതിയില്‍ പിന്‍മാറിയ ആ സുഹൃത്ത് വഴിയാണ് മോദി ജയലളിതക്ക് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയത്. മോദിയുമായുള്ള ആ ബന്ധം ശശികലയെ ജയലളിതയുടെ ശത്രുവാക്കുകയും ചെയ്തു.
2011-ല്‍ ശശികലയെ ജയലളിത പുറത്താക്കി. 2012 മാര്‍ച്ച് 31ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതക്ക് നാലുവര്‍ഷത്തെ തടവും 100കോടി രൂപ പിഴയും വിധിച്ചു. ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിന് ശേഷമാണ് ജയലളിത അസുഖ ബാധിതയാകുന്നത്. അതോടെ ജയലളിതയുടെ അസുഖത്തെക്കുറിച്ചും സംശയങ്ങളുയര്‍ന്നു. അവര്‍ക്ക് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ശശികല വിഷം നല്‍കിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ശശികല നിയമിച്ച നേഴ്‌സായിരുന്നു ജയലളിതയെ പരിചരിച്ചിരുന്നതെന്ന് സംശയത്തെ ബലപ്പെടുത്തുകയും ചെയ്തു. തെഹല്‍ക്കയുടെ റിപ്പോര്‍ട്ടും ഇത് വെളിപ്പെടുത്തിയിരുന്നു. മലയാളിയായ ജീമോന്‍ ജേക്കബ്ബായിരുന്നു അന്ന് ആ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.
അസുഖ ബാധിതയായ ജയലളിത വിദഗ്ധ പരിശോധന നടത്തുകയും അതില്‍ സ്റ്റിറോയിഡും ചെറിയ തോതില്‍ വിഷവും മരുന്നുകളായി നല്‍കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതായും തെഹല്‍ക്ക പറയുന്നുണ്ട്. അതാണ് ശശികലയെ പുറത്താക്കുന്നതിലേക്ക് എത്തിച്ചതെന്നും തെഹല്‍ക്ക പറയുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിലേറെയായി അവരെ പിടികൂടിയ രോഗം ഏതാണെന്ന് മനസ്സിലാക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞില്ല. രക്തത്തെ ബാധിക്കുന്ന അണുബാധയാണെങ്കിലും അസുഖം സ്ഥിരീകരിക്കാന്‍ അപ്പോളോ ആസ്പത്രിക്കും കഴിഞ്ഞിട്ടില്ല. ഓരോ അവയവങ്ങളേയും അണുബാധ പിടികൂടുകയായിരുന്നു. എന്നാല്‍ അണുബാധയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പനിയും നിര്‍ജ്ജലീകരണവുമായി കഴിഞ്ഞ 90ദിവസമായി ആസ്പത്രിയില്‍ കഴിയുന്ന ജയലളിതയുടെ വൃക്കയും കരളും പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. അവസാനം ഹൃദയത്തെ ബാധിച്ചാണ് മരണം സംഭവിച്ചത്. രക്തത്തില്‍ അണുബാധയുണ്ടാകണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അണുക്കള്‍ രക്തത്തില്‍ കലരുകയോ അല്ലെങ്കില്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയോ വേണമെന്നാണ് മെഡിക്കല്‍ വിദഗ്ധരും പറയുന്നത്. ഈ സാഹചര്യത്തിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നത്.