X

വാവിട്ടു നിലവിളിച്ച പാതിരാത്രി

ചെന്നൈ: ശോകമായിരുന്നു ഇന്നലെ ചെന്നൈ നഗരത്തിന്റെ മുദ്ര. തലൈവിയുടെ മരണവാര്‍ത്ത കാതില്‍ തറച്ചതു മുതല്‍ നഗരം ഉറങ്ങാതെ, കണ്ണീരുമായി അവര്‍ക്കു വേണ്ടി കാവലിരുന്നു. ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും അവര്‍ക്കു വേണ്ടി വാവിട്ടു നിലവളിച്ചു. വാര്‍ത്തയുള്‍ക്കൊള്ളാനാവാതെ അവര്‍ നെഞ്ചില്‍ കൈയിട്ടടിച്ച് അട്ടഹസിച്ചു. ആ നോവില്‍ വെന്ത്് മരണത്തിന്റെ തണുപ്പിലേക്ക് പോയവര്‍ മാത്രം അഞ്ചു പേര്‍.

കരഞ്ഞുകലങ്ങിയ കണ്ണുകളില്‍ ഉറക്കത്തിന്റെ നേര്‍ത്ത ലാഞ്ചന പോലുമുണ്ടായിരുന്നില്ല ഇന്നലെ ചെന്നൈ നഗരത്തിന്. മരിച്ചെന്ന റിപ്പോര്‍ട്ടുകളും ഇല്ലെന്ന നിഷേധക്കുറിപ്പുകളും, തങ്ങളുടെ പ്രിയപ്പെട്ട തലൈവിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഏകദേശമൊരു ചിത്രം രൂപപ്പെടുത്തിയിരുന്നു. അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചുള്ള അവരുടെ പ്രാര്‍ത്ഥനകളെ വിഫലമാക്കി, തിങ്കളാഴ്ച രാത്രി പതിനൊന്നരയ്ക്ക് ഔദ്യോഗിക പത്രക്കുറിപ്പിന്റെ രൂപത്തില്‍ ആ വാര്‍ത്തയെത്തിയപ്പോള്‍ അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. വേദന സഹിക്കാനാകാതെ സുരക്ഷയൊരുക്കിയ പൊലീസുകാരുടെ മേല്‍ തട്ടിക്കയറി. ഹൃദയം പൊട്ടി നിലവിളിച്ചു.
മരണ വാര്‍ത്തയറിഞ്ഞതോടെ ചെന്നൈയിലെ ആസ്പത്രിയിലേക്കുള്ള ജനത്തിന്റെ ഒഴുക്കിന് ശക്തി കൂടി. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ അണുവിട ജാഗ്രത കൈവിടാതെ നിന്നു പൊലീസുകാര്‍.

ഒഴുക്കു നിലച്ചില്ല, ഉച്ച തിരിഞ്ഞ് മറീന ബീച്ചിലേക്കുള്ള അന്ത്യനിദ്ര വരെ അവര്‍ തങ്ങളുടെ തലൈവിയുടെ കൂടെ ഒന്നിച്ചുനീങ്ങി. തമിഴകത്തിന്റെ നെഞ്ചിലൂടെയായിരുന്നു ആ വിലാപയാത്ര. അമ്മ എന്ന ഒറ്റ നിനവില്‍ പതിനായിരങ്ങള്‍ ഒന്നിച്ചു. അത് കാലം, അവര്‍ക്ക് കാത്തുവെച്ച ഉചിതമായ യാത്രയയപ്പു തന്നെ.

chandrika: