ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു.
26കാരനായ ഗുര്‍നാം സിങാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ മരിച്ചത്. ജമ്മുകശ്മീരിലെ കത്തുവ ജില്ലയില്‍ ഹരിനഗറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം നടത്തിയ വെടിവെപ്പിലാണ് ഗുര്‍നാമിനു പരിക്കേറ്റത്.
ജമ്മു ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ആക്രമണത്തിനു പിന്നാലെ പാക് അതിര്‍ത്തി രക്ഷാസേനക്കു നേരെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തിയിരുന്നു. ഏഴ് പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ നിഷേധിച്ചു.
ആക്രമണമുണ്ടായിട്ടില്ലെന്നും പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നുമാണ് പാകിസ്താന്‍ പറയുന്നത്.
സഹോദരന്റെ പ്രതികരണം
അതേസമയം, രാജ്യത്തിന്റെ സുരക്ഷക്കാണ് ഗുര്‍നാം മരിച്ചതെന്നും അതില്‍ അഭിമാനിക്കുന്നതായും ഗുര്‍നാമിന്റെ സഹോദരന്‍ മാദീപ് പറഞ്ഞു. പരിക്കേറ്റ വാര്‍ത്തകള്‍ പടര്‍ന്നതോടെ നിരവധി ആളുകളാണ് ഗുര്‍നാമിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.