പനാജി: ഗോവയില്‍ പാഠപുസ്തകത്തില്‍ നിന്ന് രാഷ്ട്ര ശില്‍പി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഫോട്ടോ മാറ്റി ആര്‍.എസ്.എസ് നേതാവായിരുന്ന വിനായക് സവര്‍ക്കറുടെ ഫോട്ടോ വെച്ചു. ഗോവയിലെ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്‌കത്തിലാണ് നെഹ്‌റുവിനെ പകരം സവര്‍ക്കര്‍ സ്ഥാനം പിടിച്ചത്.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ എന്‍.എസ്.യു ആണ് പാഠപുസ്തകത്തിലെ സംഘപരിവാര്‍ നുഴഞ്ഞുകയറ്റത്തിന്റെ പുതിയ തെളിവുകള്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. വിപ്ലവകാരി എന്ന വിശേഷണത്തോടെയാണ് സവര്‍ക്കറെ പാഠപുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് എന്‍.എസ്.യു പ്രസിഡണ്ട് അഹ്‌റാസ് മുല്ല പറഞ്ഞു. ഫോട്ടോക്കൊപ്പം കൊടുത്ത അടിക്കുറിപ്പിലാണ് ഈ പരാമര്‍ശമുള്ളത്. വിപ്ലവകാരികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനായി അഭിനവ് ഭാരത് സ്ഥാപിച്ചത് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്നറിയപ്പെട്ട വിനായക് ദാമോദര്‍ സവര്‍ക്കറാണെന്നും 1904 കാലഘട്ടത്തില്‍ രാജ്യത്ത് അറിയപ്പെട്ട വിപ്ലവകാരികളില്‍ ഒരാളാണെന്നും അടിക്കുറിപ്പ് പറയുന്നു.
പാഠപുസ്തകത്തിന്റെ കഴിഞ്ഞ പതിപ്പില്‍ അതേ സ്ഥാനത്തുണ്ടായിരുന്നത് നെഹ്‌റുവിന്റെ ചിത്രമായിരുന്നു. മഹാരാഷ്ട്രയിലെ വര്‍ധയിലെ സേവാഗ്രാം ആശ്രമത്തില്‍ നിന്നെടുത്തതായിരുന്നു ആ ഫോട്ടോ. 1935 ല്‍ എടുത്ത ആ ഫോട്ടോയില്‍ നെഹ്‌റുവിന്റെ കൂട മൗലാന ആസാദും മഹാത്മാ ഗാന്ധിയുമുണ്ട്. പുസ്തകത്തിലെ 68-ാം പേജിലാണ് ചിത്രമുണ്ടായിരുന്നത്.
നാളെ അവര്‍ മഹാത്മാ ഗാന്ധിയുടെ ഫോട്ടോ മാറ്റി കഴിഞ്ഞ 60 വര്‍ഷം കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത് എന്ന് ചോദിക്കും. നിരവധി കോണ്‍ഗ്രസ് നേതാക്കളുടേയും പൂര്‍വികരുടേയും ശ്രമഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ചരിത്രം ഇവര്‍ തിരുത്തില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സ്വതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിനുള്ള പങ്ക് മറച്ചുവെക്കാനും ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്താനുമുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നും അഹ്‌റാസ് പറഞ്ഞു.