അശ്‌റഫ് തൂണേരി/മസ്‌ക്കറ്റ്
മാന്‍ബുക്കര്‍ െ്രെപസ് ഇന്റര്‍നാഷണല്‍ നേടിയ ആദ്യ അറബ് എഴുത്തുകാരി ജൗഹ അല്‍ഹാരിസിയുടെ സെലസ്റ്റിയല്‍ ബോഡീസ് എന്ന കൃതിയുടെ മലയാള വിവര്‍ത്തനം വരുന്നു. ഇതിനായുള്ള കരാറില്‍ തന്റെ ഏജന്‍സി ഏര്‍പ്പെട്ടിട്ടുണ്ടെന്നും പബ്ലിഷിംഗ് ഹൗസ് വെളിപ്പെടുത്താറായിട്ടില്ലെന്നും ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ‘ചന്ദ്രിക’യുമായി സംസാരിക്കവെ അവര്‍ വ്യക്തമാക്കി. അഞ്ചോളം പ്രസിദ്ധീകരണാലയങ്ങളാണ് മലയാളത്തില്‍ നിന്ന് അപേക്ഷയുമായെത്തിയത്. ഇവരില്‍ അനുയോജ്യമെന്ന് തോന്നിയ ഒരു പബ്ലിഷിംഗ് ഹൗസുമായി കരാറിലെത്തുകയായിരുന്നു. സൈമണ്‍ ആന്റ് ഷസ്്റ്റര്‍ പ്രസിദ്ധീകരിച്ച സെലസ്റ്റിയല്‍ ബോഡീസ് എന്ന നോവലിന് ഇന്ത്യയില്‍ മികച്ച വരവേല്‍പ്പാണ് വിപണിയില്‍ എത്തിയ അന്നു മുതല്‍ ലഭിച്ചത് എന്നത് ഏറെ ആഹ്ലാദം പകരുന്നു. തുടക്കത്തില്‍ തന്നെ പതിനായിരത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇപ്പോഴും കോപ്പികള്‍ക്ക് നല്ല ആവശ്യക്കാരുണ്ടെന്നാണ് പ്രസാധനാലയം പ്രതിനിധികള്‍ വ്യക്തമാക്കിയത്. തന്റെ നാരഞ്ചാ എന്ന അറബ് നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നതിനും ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നും ബുക്കര്‍ കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മര്‍ലിന്‍ ബൂത്ത് തന്നെയാണ് വിവര്‍ത്തകയെന്നും അവര്‍ പറഞ്ഞു.
സയ്യിദാത്തുല്‍ ഖമര്‍ എന്ന നോവല്‍ ആണ് സെലസ്റ്റിയല്‍ ബോഡീസ് എന്ന പേരില്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ നിന്ന് പലരും പല പരിപാടികള്‍ക്കും വിളിക്കുന്നുണ്ട്. പക്ഷെ സെലക്ടീവായി മാത്രമേ പരിപാടികള്‍ക്ക് പങ്കെടുക്കുന്നുള്ളൂ. 2020 ജനുവരിയില്‍ കേരളം സന്ദര്‍ശിക്കാനുദ്ദേശിക്കുന്നുണ്ട്. ഇന്ത്യയില്‍ പല തവണ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. മമ്പാട് എം.ഇ.എസ് കോളജില്‍ കുട്ടികളുമായി സംവദിക്കാനാണ് വരുന്നതെന്നും അവര്‍ വിശദീകരിച്ചു. ദിനേന അഭിമുഖത്തിനുള്ള വിളികളും സന്ദേശങ്ങളും വരുന്നത് വര്‍ധിച്ചപ്പോള്‍ ജോലിയും മൂന്ന് മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബ ജീവിതവും സര്‍ഗ്ഗ ജീവിതവുമെല്ലാം അശ്രദ്ധമാവുമെന്നും അലങ്കോലമാവുമെന്നും തോന്നി. അതുകൊണ്ടു തന്നെ ആര്‍ക്കും വിശദമായ അഭിമുഖം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും സുല്‍ത്താന്‍ ഖാബൂസ് സര്‍വ്വകലാശാലയിലെ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സോഷ്യല്‍ സയന്‍സസില്‍ അറബ് വിഭാഗത്തില്‍ ജോലി നോക്കുന്ന അവര്‍ നിലപാട് വ്യക്തമാക്കി. ഓരോരുത്തരും വന്ന് അഭിമുഖം നടത്തിയും ഫോട്ടോ പിടിച്ചും സമയം കളയുമ്പോള്‍ നമുക്ക് ക്രിയാത്മക രചനക്കും സ്വകാര്യമായ നിമിഷങ്ങള്‍ക്കും അത് വിലങ്ങുതടിയാവുമെന്നും ഒരു ഭാഷയിലും അഭിമുഖം നല്‍കിയിട്ടില്ലെന്നും അവര്‍ എടുത്തുപറയുന്നു. അരുന്ധതി റോയിയെ ഏറെ ഇഷ്ടമാണ്. അവരുമായി എഡിന്‍ബറോയില്‍ വെച്ച് കാണാമെന്ന് വിചാരിച്ചിരുന്നു. രണ്ടു പേരും മറ്റു ചില തിരക്കുകളില്‍ പെട്ട് കാണാനായില്ലെന്നും സൗഹൃദ സംഭാഷണമധ്യേ അവര്‍ വിശദീകരിച്ചു.