X

ജസ്‌നയുടെ തിരോധാനം: ‘ദൃശ്യം’ മോഡലെന്ന് രഹസ്യവിവരം; ഇന്നും പരിശോധന

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനത്തില്‍ ദൃശ്യം മോഡലെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നും പരിശോധന നടത്തും. ഇതിന്റെ ഭാഗമായി ജസ്‌നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടം പൊലീസ് ഇന്ന് വീണ്ടും പരിശോധിക്കുമെന്നാണ് വിവരം.

ജസ്‌നയുടെ തിരോധാനത്തില്‍ ആക്ഷന്‍കൗണ്‍സിലാണ് സംശയം ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ ഒരാഴ്ച്ചമുമ്പ് പരിശോധിച്ചിരുന്നു. എന്നാല്‍ ഒരു തുമ്പും കിട്ടിയിരുന്നില്ല. തുടര്‍ന്നാണ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടവും പരിസരവും പരിശോധിക്കാന്‍ ഇന്ന് പൊലീസെത്തുന്നത്.

ജസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാന്‍ രണ്ടിടങ്ങളില്‍ പെട്ടികള്‍ വെച്ചിരുന്നു. ഇതില്‍ നിന്നും കിട്ടിയ കുറിപ്പുകളിലാണ് ജസ്‌നയെ അപായപ്പെടുത്തി ദൃശ്യം മോഡലില്‍ കെട്ടിടത്തിനടിയില്‍ ഒളിപ്പിച്ചുവെന്ന് വിവരം ലഭിച്ചിരിക്കുന്നത്. ലഭിച്ച നിര്‍ണ്ണായക വിവരങ്ങളെ തുടര്‍ന്ന് ഏന്തയാറിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.

നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി കോളേജ് നിര്‍മ്മിച്ചുനല്‍കുന്ന വീടുകളിലൊന്നിന്റെ കരാര്‍ ജസ്‌നയുടെ പിതാവാണ് ഏറ്റെടുത്തിരുന്നത്. 2017-ല്‍ പണി തുടങ്ങിയ വീടിന്റെ പണി പെട്ടെന്ന് നിര്‍ത്തിവെച്ചതാണ് സംശയത്തിന് കാരണം. രണ്ടു മുറികളില്‍ പുല്ല് നിറഞ്ഞുനില്‍ക്കുന്നതും ഒരു മുറിയില്‍ പുല്ല് മാറ്റി മണ്ണിളകി കിടക്കുന്നതും സംശയത്തിന് കാരണമായി. പൊലീസ് മണ്ണുമാന്തി പരിശോധനനയും നടത്തിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് വീട്ടുമയില്‍ നിന്നും വ്യക്തമായ മറുപടി ലഭിക്കാത്തത് സംശയം വര്‍ദ്ധിപ്പിക്കുകയായിരുന്നു.

ജസ്‌നയുടെ ഫോണ്‍വിളികള്‍ സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആണ്‍സുഹൃത്തിനെ 20 തവണ ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്യും. കൂടാതെ ജസ്‌നയുടെ വീട്ടില്‍ നിന്നും ലഭിച്ച രക്തംപുരണ്ട വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയിച്ചിട്ടുണ്ട്. ഇതിലും അന്വേഷണം നടക്കുകയാണ്.

chandrika: