കോട്ടയം: കോട്ടയം മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ ജെയിംസിനെ ബംഗളൂരു മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം കര്‍ണാടകയിലെത്തി. ശനിയാഴ്ച വൈകിട്ട് ജസ്‌നയെന്നു തോന്നിക്കുന്ന പെണ്‍കുട്ടി മെട്രോയില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതനുസരിച്ചാണ് പ്രത്യേക സംഘം ബംഗളൂരുവിലെത്തിയത്. മെട്രോയിലെ സിസിടിവി പരിശോധിച്ചതില്‍ നിന്ന് ജസ്‌ന തന്നെയായിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. മെട്രോയില്‍ നിന്ന് ഇറങ്ങി വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചുരിദാറാണ് വേഷം. കണ്ണടയും വെച്ചിട്ടുണ്ട്. മെട്രോക്കുള്ളിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം ജസ്‌നയാണോ എന്നതു സംബന്ധിച്ച് സ്ഥിരീകരിക്കാന്‍ ദൃശ്യങ്ങള്‍ കുടുംബത്തെ കാണിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
നേരത്തെ ജസ്‌നയെ ബംഗളൂരുവില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷസംഘം അവിടെയെത്തിയിരുന്നങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.
അതിനിടെ, ജസ്‌ന ഉപയോഗിച്ചിരുന്ന രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ജസ്‌ന ഉപയോഗിച്ചിരുന്ന രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ എവിടെയെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്. വീട്ടുകാര്‍ക്കും സഹപാഠികള്‍ക്കും മുന്നില്‍ ജസ്‌ന ഉപയോഗിച്ചിരുന്നത് കീ പാഡുള്ള ബേസിക് മോഡല്‍ ഫോണാണ്. അതില്‍ നിന്നാണ് സുഹൃത്തുക്കളെ ഉള്‍പ്പെടെ വിളിച്ചിരുന്നത്. എന്നാല്‍ ഈ സാധാരണ ഫോണ്‍ മാത്രമായിരുന്നില്ല ജസ്‌ന ഉപയോഗിച്ചിരുന്നത്. കേസില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയതോടെയാണ് കേസില്‍ പുരോഗതിയുണ്ടായത്.
ജസ്‌ന രണ്ടാമതൊരു ഫോണ്‍ രഹസ്യമായി ഉപയോഗിച്ചിരുന്നുവെന്ന സംശയത്തിലായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി ജസ്‌നയെ കാണാതായ മാര്‍ച്ച് 22ന് ആറു മാസം മുമ്പ് മുതലുള്ള ടവര്‍ ലോക്കേഷനുകള്‍ പരിശോധിച്ചു.
മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, മുണ്ടക്കയം, പുഞ്ചവയല്‍, കുട്ടിക്കാനം മേഖലകളിലെ ടവര്‍ സിഗ്‌നലുകളാണ് പരിശോധിച്ചത്. ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ ഫോണ്‍ കോളുകളുടെ ആധിക്യം കാരണം സൈബര്‍ സെല്ലിനെ ഏറെ വലച്ചു. ജസ്‌ന പതിവായി സഞ്ചരിച്ചിരുന്ന വഴികളിലെ മൊബൈല്‍ ടവര്‍ സിഗ്‌നലുകള്‍ ശേഖരിച്ചു.
ലക്ഷകണക്കിന് നമ്പറുകള്‍ പരിശോധിച്ച് 6000 എണ്ണത്തിന്റെ ചുരുക്ക പട്ടികയുണ്ടാക്കി. ഇതില്‍ നിന്നുള്ള പരസ്പര വിളികളുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്. ഇതില്‍ നിന്ന് സാധ്യത പരിശോധിച്ച് ചുരുക്ക പട്ടികയില്‍ പത്താക്കും. ഇവ കേന്ദ്രീകരിച്ചായിരിക്കും തുടര്‍ന്നുള്ള അന്വേഷണം. ഇതിലൊന്ന് ജസ്‌ന രഹസ്യമായി ഉപയോഗിച്ച സ്മാര്‍ട്ട് ഫോണും മറ്റുള്ളവ തിരോധാനവുമായി ബന്ധമുള്ളവരുടേതുമാണ്. ജസ്‌ന പരസ്യമായി ഉപയോഗിച്ചിരുന്ന ഫോണിലെ സന്ദേശങ്ങളില്‍ നിന്നാണ് മറ്റൊരു ഫോണ്‍ കൂടി ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്.
ജസ്‌ന സ്വമേധയാ ഇറങ്ങിപോയതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇപ്പോള്‍ എത്തിയിരിക്കുന്നത്. അത് പരപ്രേരണയിലാണെങ്കില്‍ ജസ്‌ന ജീവിച്ചിരിപ്പുണ്ടാകുമെന്നാണ് വിവരം. പത്തു ദിവസത്തിനകം ജസ്‌നയെ കണ്ടെത്താനായില്ലെങ്കില്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.