റാമല്ല: ജെറുസലേം വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് അമേരിക്കയോട് ഫലസ്തീന്‍. ഫലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരണമായാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.
30 കോടിയോളം അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഫലസ്തീന്റെ അനശ്വര തലസ്ഥാനമാണ് ജെറുസലേം. അത് സ്വര്‍ണത്തിനോ, വെള്ളിക്കോ വേണ്ടി വില്‍ക്കാനുള്ളതല്ല. ഏകപക്ഷീയമായി ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിയെ സൂചിപ്പിച്ചു കൊണ്ട് ഫലസ്തീന്‍ പ്രസിഡന്റിന്റെ ഓഫീസ് വക്താവ് നബീല്‍ അബു റുദൈന പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് തങ്ങള്‍ എതിരല്ല, എന്നാല്‍ ഈസ്റ്റ് ജറൂസലേം തലസ്ഥാനമായ സ്വതന്ത്ര്യ ഫലസ്തീന്‍ എന്നത് രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതമായി ലോകരാജ്യങ്ങള്‍ അംഗീകരിച്ചതാണ്. ഇത് അംഗീകരിക്കാതെയുള്ള ഭീഷണികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു പലസ്തീന് സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഭീഷണി സന്ദേശം വന്നത്. നൂറുകണക്കിന് ദശലക്ഷം ഡോളറാണ് ഫലസ്തീന് ഒരോവര്‍ഷവും നല്‍കുന്നത്. എന്നാല്‍ അഭിനന്ദനമോ ബഹുമാനമോ തിരികെ ലഭിക്കുന്നുമില്ല. സമാധാനത്തെ കുറിച്ച് സംസാരിക്കാന്‍ ഫലസ്തീന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ എന്തിന് വലിയ തുകകള്‍ ഭാവിയില്‍ അവര്‍ക്കു നല്‍കണം ട്രംപ് ട്വീറ്റിലൂടെ ചോദിച്ചിരുന്നു.
അമേരിക്ക മേഖലയില്‍ സമാധാനവും അവരുടെ താല്‍പര്യങ്ങളുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ജറൂസലേം വിഷയത്തില്‍ അവര്‍ വിട്ടു നില്‍ക്കുകയാണ് വേണ്ടതെന്ന് പി.എല്‍.ഒ സീനിയര്‍ എക്‌സിക്യൂട്ടീവ് ഹനാന്‍ അഷ്‌റാവി പറഞ്ഞു. ഫലസ്തീന്‍ ആരുടേയും ഭീഷണിക്കു കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.