X
    Categories: MoreViews

പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന് ജപ്തി നോട്ടീസ്

2012 ആഗസ്റ്റ് ആറിന് സംസ്ഥാനത്തെയാകെ ഞെട്ടിച്ച ഉരുള്‍പൊട്ടലിന്റെ ദു:ഖസ്മൃതിയായി വിട പറഞ്ഞ ജ്യോത്സന എന്ന ഒമ്പതുകാരിയുടെ കുടുംബത്തിന് ഇരുട്ടടിയായി ജപ്തി ഭീഷണി. പിഞ്ചോമനക്കു പുറമെ വീടും പറമ്പും നാമാവശേഷമാവുകയും ചെയ്ത പാവം കുടുംബത്തെ ദുരിതത്തില്‍ നിന്ന് കരകേറ്റാന്‍ ഉദാരമതികള്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് ജപ്തി നോട്ടീസ് വന്നത്. ഭീമാകാരം പൂണ്ട് വരുന്ന മലവെള്ള പാച്ചിലിന്റെ കുത്തൊഴുക്കില്‍ പെട്ട ജ്യോത്സന ഇന്നും നാടിന്റെ കണ്ണീരോര്‍മയാണ്. ആനക്കാംപൊയില്‍ മാവാതുക്കലില്‍ പടന്നമാക്കല്‍ ബിനു ബ ഷീബ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് ജോത്സന. ഭാര്യയും നാല് മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായ ബിനുവിന് താമരശ്ശേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ 50,000 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരിക്കെ യായിരുന്നു ഉരുള്‍പൊട്ടല്‍ ദുരന്തം.

താമസിക്കുന്ന കൂരയും ആകെക്കുടിയുള്ള സ്ഥലവും പശുവും തൊഴുത്തുമെല്ലാം നാമമാത്രം ബാക്കിയാക്കി മലവെള്ളം കോരിയെടുത്തു പോയി. ഉരുള്‍പൊട്ടലില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ബിനുവിന് കൂലിപ്പണിക്ക് പോകാന്‍ പറ്റാതായി. അതോടെ ജീവിതമാര്‍ഗം തന്നെയും വഴിമുട്ടുകയും ലോണിന്റെ തിരിച്ചടവ് താളം തെറ്റുകയും ചെയ്തു. 12 ശതമാനം പലിശയും കൂട്ടുപലിശയുമുള്‍പ്പെടെ ഒന്നര ലക്ഷത്തിലധികം രൂപയായിട്ടുണ്ടെന്നും തുക ഉടന്‍ അടച്ചു തീര്‍ക്കാത്ത പക്ഷം മലവെള്ളപ്പാച്ചില്‍ ബാക്കി വെച്ചതെല്ലാം പരസ്യമായി ലേലം ചെയ്യുമെന്ന കര്‍ശനമായ മുന്നറിയിപ്പാണ് ബാങ്ക് നല്‍കിട്ടുള്ളത്.

താമരശ്ശേരി രൂപത സ്ഥലം വാങ്ങി നിര്‍മിച്ചുനല്‍കിയ വീട്ടിലാണ് ഭാര്യയും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബവുമായി ബിനു ഇപ്പോള്‍ കഴിയുന്നത്. പണമടക്കാനുള്ള അവസാന തീയതി ഇന്ന് (ഡിസംബര്‍ 30 ) അവസാനിക്കുകയാണെന്നോര്‍ക്കു മ്പോള്‍ കോരിത്തരിക്കുകയാണീ കുടുംബം. ‘എല്ലാം ശരിയാക്കു’ന്ന വാഗ്ദാനങ്ങള്‍ നല്‍കിയവരെയൊന്നും ഈ വഴിക്ക് ഇപ്പോള്‍ കാണാനേയില്ലെന്നും ഇവര്‍ സങ്കടപ്പെട്ടു.

മലയോര മേഖലയില്‍ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു 2012-ലെ ഉരുള്‍പൊട്ടല്‍. ഒരു കുടുബത്തിലെ അഞ്ച് അംഗങ്ങള്‍ അടക്കം എട്ട്‌പേര്‍ മരണമടഞ്ഞു.ഏക്കര്‍ കണക്കിന് ഭൂമി ഒഴുകിപ്പോയി, കോടി ക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. 24 വീടുകള്‍ പൂര്‍ണ്ണമായും നിരവധി വീടുകള്‍ ഭാഗികമായും നശിച്ചു . ‘ വീടും കുടുംബത്തില്‍ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി യും ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഉറപ്പ് നല്‍കിയതാണ്.പക്ഷേ ഒന്നും ഇതുവരെ പാലിക്കപ്പെട്ടില്ല’ ഇവര്‍ പറഞ്ഞു. ബാങ്കിന്റെ ജപ്തി ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനുള്ള നടപടിയെങ്കിലും ഉണ്ടായെങ്കില്‍ എന്നാണ് ഇവരുടെ ഇപ്പോഴത്തെ പ്രാര്‍ഥനയും അഭ്യര്‍ഥനയും.

chandrika: