ടോക്കിയോ: ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉത്തരകൊറിയയുമായുള്ള സംഘര്‍ഷത്തിന്റെയും സാമ്പത്തിക പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ നില മെച്ചപ്പെടുത്തി അധികാരത്തില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആബെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. വര്‍ധിച്ചുവരുന്ന ജനപിന്തുണയും പ്രതിപക്ഷത്തിന്റെ ശക്തിക്ഷയവും മുതലെടുത്ത് അധികാരത്തില്‍ തിരികെ എത്താന്‍ പറ്റിയ സമയാണ് ഇതെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ഇടക്കാല തെരഞ്ഞെടുപ്പിനുവേണ്ടി വ്യാഴാഴ്ച പാര്‍ലമെന്റ് പിരിച്ചുവിടും. അഞ്ചു വര്‍ഷമായി ആബെയാണ് ജപ്പാനെ നയിക്കുന്നത്. ദേശീയ പ്രതിസന്ധികളെ നേരിടുന്നതിന് കൂടുതല്‍ കരുത്തോടെ മുന്നില്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒക്ടോബര്‍ 22ന് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തുടരുന്നതോടൊപ്പം സാമൂഹിക സുരക്ഷക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ആബെ ഉദ്ദേശിക്കുന്നത്. കുട്ടികളുടെയും വൃദ്ധരുടെയും ക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികളെച്ചൊല്ലി മേഖലയില്‍ സംഘര്‍ഷം മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കെ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുന്നത് രാഷ്ട്രീയ ശൂന്യതയുണ്ടാക്കുമെന്ന വിമര്‍ശനം ആബെ തള്ളി. ഉത്തരകൊറിയയുടെ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കാന്‍ സാധിക്കില്ലെന്നും പുതിയ ജനവിധി തേടി കൂടുതല്‍ ശക്തമായ നയതന്ത്ര പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ രണ്ടു തവണ മിസൈല്‍ പറത്തിയിരുന്നു. ജപ്പാനെതിരെ ഉത്തരകൊറിയ നിരന്തരം ആക്രമണ ഭീഷണി മുഴക്കുന്നുമുണ്ട്.
- 7 years ago
chandrika
Categories:
Video Stories