X

ജര്‍മനിയെ വീണ്ടും പഞ്ഞിക്കിട്ട് ജപ്പാന്‍

ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിയെ 2-1ന് തോല്‍പ്പിച്ച ജപ്പാന്‍ സൗഹൃദ മത്സരത്തിലും അവരെ പഞ്ഞിക്കിട്ടു. ജര്‍മ്മനിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ജപ്പാന്‍ തകര്‍ത്തു തരിപ്പണമാക്കിയത്. പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടു നിന്നത് ജര്‍മനിയാണെങ്കിലും ഗോളവസരങ്ങള്‍ ഉണ്ടാക്കിയത് ജപ്പാനായിരുന്നു. മത്സരത്തില്‍ ജപ്പാന്‍ പായിച്ച 14 ഷോട്ടുകളില്‍ 11 എണ്ണവും ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു.

മത്സരത്തിന്റെ 11ാം മിനിറ്റില്‍ തന്നെ ജുന്‍യ ഇറ്റോ ജപ്പാനെ മുന്നിലെത്തിച്ചു. 19ാം മിനിറ്റില്‍ മനോഹരമായ ഒരു ഗോളിലൂടെ ലീറോയ് സാനെ ജര്‍മനിയെ ഒപ്പമെത്തിച്ചു. വിര്‍റ്റ്‌സിന്റെ പാസില്‍നിന്നായിരുന്നു സാനെയുടെ ഗോള്‍. മൂന്ന് മിനിറ്റിനുള്ളില്‍ ഇറ്റോയുടെ പാസില്‍നിന്ന് മുന്നേറ്റനിര താരം അയസെ ഉയെഡെ ജപ്പാനെ മുന്നിലെത്തിച്ചു. ഉയെഡയുടെ ആദ്യ പകുതിയിലെ മികച്ച 2 ശ്രമങ്ങള്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്‌റ്റെഗന്‍ കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.

രണ്ടാം പകുതിയില്‍ 90ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ പകരക്കാരനായി ഇറങ്ങിയ കുബോയുടെ പാസില്‍നിന്ന് മറ്റൊരു പകരക്കാരനായ ടാകുമോ അസാനോ ആണ് ജപ്പാന്റെ മൂന്നാം ഗോള്‍ നേടിയത്. രണ്ട് മിനിറ്റിനുള്ളില്‍ കുബോയുടെ ക്രോസില്‍നിന്ന് വേറൊരു പകരക്കാരന്‍ ടനാക ഹെഡറിലൂടെ ഗോള്‍ നേടിയതിലൂടെ ജര്‍മന്‍ പരാജയം പൂര്‍ത്തിയായി.

യൂറോകപ്പ് ജര്‍മനിയില്‍ നടക്കുന്നതിനാല്‍ യോഗ്യത മത്സരങ്ങള്‍ ഇല്ലാതെ കളിക്കുന്ന ജര്‍മ്മനിക്ക് അടുത്ത യൂറോകപ്പ് കളിക്കാം എന്നുള്ളത് ആശ്വാസം നല്‍കുന്നു.

webdesk13: