X

മോദിക്കു മുന്നില്‍ ബിജെപിയുടെ ബീഫ് നയം വിമര്‍ശിച്ച് ജാനു; ഞെട്ടലോടെ നേതാക്കള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷാക്കും മുന്നില്‍ പാര്‍ട്ടിയുടെ ബീഫ് നയം വിമര്‍ശിച്ച് ജെആര്‍എസ് നേതാവ് സി.കെ ജാനു രംഗത്ത്. ബീഫ് പോലുള്ള തര്‍ക്ക വിഷയങ്ങള്‍ ബിജെപി നേതൃത്വം നിരന്തരം ഉന്നയിക്കുമ്പോള്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജാനു തുറന്നടിച്ചു. എന്‍ഡിഎ നേതൃയോഗത്തിലാണ് ബിജെപിയുടെ ബീഫ് നയത്തില്‍ ജാനു അതൃപ്തി അറിയിച്ചത്.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പോലും ബീഫ് ചര്‍ച്ചാവിഷയമാകുന്നത് ഖേദകരമാണ്. ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശ് മലപ്പുറത്ത് നടത്തിയ ബീഫ് വാഗ്ദാനം പോലും വിവാദമായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും. ബീഫ് പോലുള്ള വിവാദ വിഷയങ്ങള്‍ ഉപേക്ഷിച്ച് ബിജെപി നേതൃത്വം ദളിത്, ആദിവാസി, തൊഴിലാളി പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും ജാനു ആവശ്യപ്പെട്ടു. ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ അവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു. മോദിയെയും അമിത്ഷായെയും കൂടാതെ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. നിലപാട് തുറന്നടിച്ചു കൊണ്ടുള്ള ജാനുവിന്റെ പ്രസംഗം ദേശീയ നേതാക്കളെ അമ്പരിപ്പിച്ചിരിക്കുകയാണ്. ബീഫ് വിഷയത്തില്‍ ബിജെപി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപമുയരുന്നതിനിടെയാണ് ജാനുവിന്റെ പ്രതികരണം.

chandrika: