X
    Categories: MoreViews

ജന്തര്‍ മന്ദറിലെ പ്രക്ഷോഭങ്ങള്‍ തടയാനാവില്ല: സുപ്രീംകോടതി

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലും ബോട്ട് ക്ലബ്ബിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ പൂര്‍ണമായും തടയാനാവില്ലെന്ന് സുപ്രീംകോടതി. ജന്തര്‍ മന്ദറില്‍ സമരങ്ങള്‍ വിലക്കിയ ഹരിത ട്രൈബ്യൂണല്‍ നടപടി സുപ്രീംകോടതി റദ്ദാക്കി.
മസ്ദൂര്‍ കിസാന്‍ ശക്തി സങ്കേതനും മറ്റ് സംഘടനകളും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അര്‍ജുന്‍ കുമാര്‍ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. പൗരന്‍മാരുടെ അവകാശവും പ്രതിഷേധക്കാരുടെ അവകാശവും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ സന്തുലനത്തോടുകൂടിയുള്ള നിലപാടെ സ്വീകരിക്കാന്‍ കഴിയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധക്കാര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ഒക്ടോബറിലാണ് ജന്തര്‍ മന്ദറിലെ എല്ലാ സമരങ്ങളും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കിയത്.
ജന്തര്‍ മന്ദര്‍ ജനവാസ പ്രദേശമാണെന്നും സമരക്കാര്‍ ശബ്ദമലിനീകരണവും മാലിന്യപ്രശ്നങ്ങളുമുണ്ടാക്കുന്നു എന്നും ആരോപിച്ചായിരുന്നു ട്രൈബ്യൂണല്‍ നടപടി. സമരങ്ങള്‍ക്കായി വിട്ടുനല്‍കിക്കൊണ്ടുള്ള ഔദ്യോഗിക രേഖയുമില്ലാത്തതിനാല്‍ ജന്തര്‍ മന്ദറിലെ സമരങ്ങള്‍ രാംലീല മൈതാനിയിലേക്ക് മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം. ജനാധിപത്യ ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടായി നടന്ന സമരങ്ങളുടെ കേന്ദ്രമാണ് ജന്തര്‍ മന്ദര്‍.
അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ സമരം, രോഹിത് വെമുലയുടെ മരണം ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാല സമരങ്ങള്‍, വണ്‍ റാങ്ക് പെന്‍ഷനായി നടന്ന സൈനിക പോരാട്ടങ്ങള്‍, മണല്‍മാഫിയക്കെതിരെ ജസീറ നടത്തിയ ഒറ്റയാള്‍ പോരാട്ടം തുടങ്ങി അനേകം സമരങ്ങള്‍ക്കും 1724 ല്‍ നിര്‍മ്മിച്ച ഈ സ്മാരകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

chandrika: