X

സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖ; ‘ജന്മഭൂമി’ നടത്തിയത് നുണപ്രചാരണം

കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും നിപ്പ പടര്‍ന്നുപിടിക്കാന്‍ കാരണം പനി ബാധിച്ചു മരിച്ച ചങ്ങരോത്ത് സാബിത്തിന്റെ മലേഷ്യന്‍ യാത്രയാണെന്ന് ‘ജന്മഭൂമി’ പത്രറിപ്പോര്‍ട്ട് വ്യാജമാണെന്ന് തെളിഞ്ഞു. യാത്രാരേഖകളില്‍ നിന്ന് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞത്.

സാബിത്തിന്റെ പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് സാബിത്ത് മലേഷ്യയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്. 2017ല്‍ സാബിത്ത് പോയത് യു.എ.ഇയിലേക്കാണ്. 2017 ഫെബ്രുവരിയില്‍ പോയ യു.എ.ഇയിലേക്ക് പോയ സാബിത്ത് ആറു മാസത്തോളം ദുബൈയിലുണ്ടായിരുന്നു. കഴിഞ്ഞ ആറുമാസമായി സാബിത്ത് നാട്ടില്‍ തന്നെയുണ്ടായിരുന്നുവെന്നാണ് രേഖകള്‍ തെളിയിക്കുന്നത്.

നിപ്പ എത്തിയത് മലേഷ്യയില്‍ നിന്ന് എന്ന തലക്കെട്ടോടെ ലീഡ് വാര്‍ത്തയായാണ് ജന്മഭൂമി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ സാബിത്തിന്റെ യാത്രാവിവരം പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ യാത്രാരേഖകള്‍ നിരത്തി കുടുംബാംഗങ്ങള്‍ തന്നെ രംഗത്തുവന്നതോടെയാണ് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് കണ്ടെത്തിയത്.

നിപ്പ വൈറസ് ബാധയില്‍ മരിച്ച നാലു പേരുടെ വേര്‍പ്പാടില്‍ ദുഃഖിക്കുന്ന ചങ്ങരോത്ത് കുടുംബത്തെ വ്യാജവാര്‍ത്തകളും വേട്ടയാടുന്നതിന്റെ തെളിവാണിത്. വാര്‍ത്ത വ്യാജമാണെന്നും സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്നും ബന്ധുക്കള്‍ ഇന്നലെ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കരുതെന്നും സാബിത്തിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തരുതെന്നും ബന്ധുക്കള്‍ പറയുന്നു.

ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ:

കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ വൈറസ് മലേഷ്യയില്‍ നിന്ന് എത്തിയതെന്ന് സംശയം. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചന. സാബിത്ത് നാട്ടിലെത്തിയത് രോഗലക്ഷണങ്ങളോടെയാണെന്നും പരിസരവാസികള്‍ പറയുന്നു.

എഞ്ചിനീയര്‍ ആയ സാബിത് വിദേശത്തായിരുന്നു എന്നുമാത്രമാണ് നേരത്തെ പരിസരവാസികള്‍ക്ക് അറിയാമായിരുന്നത്. കുടുംബവുമായി നാട്ടുകാര്‍ക്ക് അധികം ബന്ധമില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുമായിരുന്നില്ല. നിപ നാടിന് മുഴുവന്‍ ഭീഷണിയായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

മലേഷ്യയിലായിരുന്ന സാബിത് അവിടെ വച്ച് രോഗബാധിതനായി. പനിയും ശക്തമായ വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലേഷ്യയില്‍ ചികിത്സ തേടി. താത്കാലിക മരുന്ന് നല്‍കിയശേഷം എത്രയും വേഗം നാട്ടിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നാട്ടിലെത്തിയ സാബിത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിയില്‍ ചികിത്സ തേടി. രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ദിവസങ്ങള്‍ കഴിഞ്ഞതോടെ സഹോദരന്‍ സ്വാലിഹില്‍ രോഗലക്ഷണം കണ്ടു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാലിഹിന്റെ രക്തപരിശോധനയിലാണ് നിപ സാന്നിധ്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സ്വാലിഹിന്റെ അച്ഛന്‍ മൂസയ്ക്കും മൂസയുടെ മൂത്ത സഹോദരന്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയത്തിനും രോഗം ബാധിച്ചു. സ്വാലിഹും മറിയവും മരിച്ചു. മൂസ ഇന്നലെ മരണത്തിന് കീഴടങ്ങി.രോഗം ബാധിച്ചവരില്‍ ശേഷിക്കുന്നവരെല്ലാം പേരാമ്പ്ര താലൂക്ക് ആശുപത്രി, സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍കോളേജ് എന്നിവിടങ്ങളില്‍ വച്ച് ഇവരുമായി ബന്ധപ്പെട്ടവരാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥിനി മെഡിക്കല്‍കോളേജില്‍ സാബിത്ത് ചികിത്സയിലുണ്ടായിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ മറ്റാര്‍ക്കും രോഗബാധ ഉള്ളതായി വിവരമില്ല. നിരവധിപേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ആരിലും രോഗലക്ഷണം കണ്ടെത്താനായില്ല. ഇതാണ് നാട്ടുകാരില്‍ സംശയം ബലപ്പെടുത്തുന്നത്.

Also Read:


‘എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്, എന്നിട്ടും എനിക്ക് രോഗമില്ലല്ലോ?’; നിപ്പ ബാധിച്ച് മരിച്ച ചങ്ങരോത്ത് മൂസയുടെ ഭാര്യ ചോദിക്കുന്നു


 

chandrika: