X

ശബരിമലയിലെ സ്ത്രീ പ്രവേശനം: ബി.ജെ.പി നിലപാടിനെ തള്ളി ജന്മഭൂമിയില്‍ ലേഖനം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ശക്തമായ പ്രതിഷേധ സമരത്തിനൊരുങ്ങുന്ന ബി.ജെ.പിക്ക് താക്കീതുമായി മുഖപത്രമായ ജന്മഭൂമി. കോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരിശ്രമം നടത്തുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. സ്ത്രീ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണ്. ഹിന്ദു ധര്‍മത്തെയോ സമൂഹത്തെയോ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ആ വിധി തീര്‍പ്പിലില്ല. 10-50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഒരു കീഴ്‌നടപ്പിനെയാണ് കോടതി അസാധുവാക്കിയത്. ഈ കീഴ്‌നടപ്പിനാകട്ടെ, ധര്‍മ്മതന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിന്‍ബലമുള്ളതായി സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ലെന്നും ലേഖനത്തില്‍ പറയുന്നു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബി.ജെ.പിയില്‍ തന്നെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ അണികള്‍ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യേക്ഷ സമരത്തിലേക്ക് ബി.ജെ.പി നീങ്ങിയത്. ആര്‍.എസ്.എസും തുടക്കത്തില്‍ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നു. ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും ഇക്കാര്യത്തില്‍ ബോധവത്കരണവും മറ്റും നടത്തി നിലവിലുള്ള ദുസ്ഥിതി മാറ്റണമെന്നുമായിരുന്നു ആര്‍.എസ്.എസിന്റെ നിലപാട്.

ഈ നിലപാട് ഇന്നലെ ജന്മഭൂമി പ്രസിദ്ധീകരിച്ച ആര്‍.സഞ്ജയന്റെ ലേഖനത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. ജനശിക്ഷണം സാധ്യമാണെന്ന ഉത്തമബോധ്യമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘടനാ പ്രവര്‍ത്തകരെ ഭരിക്കേണ്ടതെന്ന് ലേഖനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇന്നലെ ആര്‍.എസ്.എസ് സ്ത്രീപ്രവേശന വിഷയത്തില്‍ പഴയ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ജന്മഭൂമിയില്‍ വന്ന ലേഖനത്തെ ബി.ജെ.പി തള്ളിയിട്ടുണ്ടെങ്കിലും സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയില്‍ നിലനില്‍ക്കുന്ന ഭിന്നത പുറത്തുകൊണ്ടുവരുന്നതാണ് ജന്മഭൂമിയിലെ ലേഖനം.

chandrika: