X

എംഎം മണിക്കെതിരെ വീണ്ടും സിപിഐ മുഖപത്രം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം മണിയെ വിമര്‍ശിച്ച് വീണ്ടും സിപിഐ മുഖപത്രം ജനയുഗം രംഗത്ത്. രാജഭരണകാലത്തെ ആറാട്ടുമുണ്ടന്‍മാരെപ്പോലെയാണ് എംഎം മണിയെന്ന് പത്രം ആരോപിക്കുന്നു. ‘വാതില്‍പ്പഴുതിലൂടെ’ എന്ന കോളത്തില്‍ ‘ഇടതു മുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്‍മാരെ’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ‘സിപിഐ മന്ത്രിമാര്‍ക്കെതിരായ മണിയുടെ പ്രസംഗം രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്താണ്. മണിയുടെ വാക്കുകളില്‍ മുഴങ്ങുന്നത് ഭൂമാഫിയകളുടെ വായ്ത്താരിയാണ്. മുമ്പൊരിക്കല്‍ തങ്ങള്‍ സ്‌കോര്‍ ബോര്‍ഡു വെച്ച് വണ്‍, ടു, ത്രി, ഫോര്‍ എന്നിങ്ങനെ കൊല നടത്തിയിട്ടുണ്ടെന്ന് വീമ്പിളക്കി വറചട്ടിയില്‍ കിടന്ന് പൊരിഞ്ഞ മണി കണ്ടിട്ടും കൊണ്ടിട്ടും പഠിക്കില്ലെങ്കില്‍ പിന്നെന്തു പറയാന്‍.’-ഇങ്ങനെ നീളുന്നു മണിക്കെതിരായ സിപിഐ മുഖപത്രത്തിന്റെ ലേഖനം. മന്ത്രിമാര്‍ക്കെതിരായ മണിയുടെ വാക്കുകള്‍ ധാര്‍ഷ്ട്യമാണെന്നും പത്രം വിമര്‍ശിക്കുന്നു.

സിപിഐ മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും വി.എസ് സുനില്‍കുമാറിനുമെതിരെ എം.എം മണി നടത്തിയ വിവാദ പ്രസ്ഥാവനയാണ് പത്രത്തെ ചൊടിപ്പിച്ചത്. ഇടതു മുന്നണിയുടെയും സിപിഎമ്മിന്റെയും പൊതുരാഷ്ട്രീയം അംഗീകരിക്കാതെ സിപിഎം മണിയെ കയറൂരി വിട്ടിരിക്കുകയാണെന്നും ജനയുഗം ആഞ്ഞടിച്ചു.

chandrika: