X

വടക്ക് കിഴക്കിലെ ജനവിധി-എഡിറ്റോറിയല്‍

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര സമൂഹത്തിന് പ്രതീക്ഷ പകരുന്നതും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് നെഞ്ചിടിപ്പേറ്റുന്നതുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ ഉപ തിരഞ്ഞെടുപ്പ് ഫലങ്ങളും ശുഭസൂചനകളാണ് നല്‍കുന്നത്. ത്രിപുരയില്‍ ഭരണം നിലനിര്‍ത്താനായി എന്നതിനപ്പുറം ബി.ജെ.പിക്ക് അവകാശപ്പെടാന്‍ ഏറെയൊന്നുമില്ല. കോണ്‍ഗ്രസ്-സി.പി.എം സഖ്യം നിലംതൊടാതെ തോല്‍ക്കുമെന്ന എക്സ്റ്റിറ്റ് പോള്‍ പ്രവചനങ്ങള്‍ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു.
2018ല്‍ ത്രിപുരയില്‍ 36 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി മൂന്ന് സീറ്റുകള്‍ നഷ്ടപ്പെട്ടാണ് പുതിയ നിയമസഭയിലേക്ക് വരുന്നത്. ഏകാധിപത്യ നടപടികളിലൂടെ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തിയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയും ത്രിപുരയെ താമരക്കുളത്തില്‍ മുക്കിക്കൊല്ലാമെന്ന ബി.ജെ.പി സ്വപ്‌നത്തിന് മങ്ങലേറ്റിരിക്കുകയാണ്. ബി.ജെ.പിക്കെതിരെ ഒന്നിച്ചുപോരാടാന്‍ വൈകിയാണ് കോണ്‍ഗ്രസും സി.പി.എമ്മും തീരുമാനിച്ചത്. അല്‍പം കൂടി നേരത്തെ സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ത്രിപുര ഫലം മറ്റൊന്നാകുമായിരുന്നു. കഴിഞ്ഞതവണ ഒരു സീറ്റു പോലും ഇല്ലാതിരുന്ന കോണ്‍ഗ്രസിന് അഞ്ച് സീറ്റുകള്‍ നേടാനായി. കോണ്‍ഗ്രസുമായി കൈകോര്‍ത്ത് മത്സരിച്ചതുകൊണ്ട് സി.പി.എമ്മിനും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. പാര്‍ട്ടിയുടെ വോട്ട് ശതമാനത്തില്‍ വര്‍ധനവുണ്ടായത് സഖ്യത്തിന്റെ ഗുണഫലമാണ്. അഞ്ച് വര്‍ഷം മുമ്പ് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പാര്‍ട്ടി ഓഫീസുകള്‍ വ്യാപകമായി തകര്‍ത്തു. എതിരാളികളെ കൊലപ്പെടുത്തി. ബി.ജെ.പിയുടെ ആക്രമണം പേടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുക പോലും ചെയ്തു. തിരഞ്ഞെടുപ്പ് കാലത്തും അക്രമങ്ങള്‍ തുടര്‍ന്നു. നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ പോയവരുടെ വീടുകള്‍ക്ക് ബി.ജെ.പിക്കാര്‍ തീവെച്ചു. സാഹചര്യങ്ങള്‍ സര്‍വത്ര പ്രതികൂലമായിരിക്കുമ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസ്-സി.പി.എം സഖ്യത്തിനായി. നാഗാലാന്‍ഡില്‍ പ്രാദേശിക പാര്‍ട്ടിയെ ചാക്കിട്ടുപിടിച്ചാണ് ബി.ജെ.പി മേനി നടിക്കുന്നത്.

കഴിഞ്ഞ തവണ കേന്ദ്രത്തില്‍നിന്നുള്ള സഹായം പ്രതീക്ഷിച്ച് ബി.ജെ.പിയോടൊപ്പം നടന്നതിന്റെ പ്രത്യാഘാതം മേഘാലയയില്‍ എന്‍.പി.പി ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. തൂക്കുസഭയിലേക്ക് നീങ്ങിയ മേഘാലയയില്‍ ബി.ജെ.പിയെ കൂട്ടുപിടിച്ചാല്‍ പോലും എന്‍.പി.പിക്ക് രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. കോണ്‍ഗ്രസിന്റെ ക്ഷീണം താല്‍ക്കാലികമാണെന്നും കാറ്റും കോളുമൊഴിഞ്ഞ് പാര്‍ട്ടിയുടെ കരങ്ങളില്‍ രാജ്യം അഭയം തേടുമെന്നും ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടി വിലയിരുത്തുമ്പോള്‍ വ്യക്തമാണ്. മഹാരാഷ്ട്രയിലെ കസബ പേട്ട് മണ്ഡലത്തില്‍ ബി.ജെ.പിയുടെ 28 വര്‍ഷത്തെ കുത്തകയാണ് കോണ്‍ഗ്രസ് തകര്‍ത്തിരിക്കുന്നത്. പശ്ചിമബംഗാളിലെ സാഗര്‍ദിഗി നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസ് ചരിത്ര വിജയം നേടി. ഭാവിയില്‍ രാജ്യത്ത് വിജയകരമായി നടപ്പാക്കാനിരിക്കുന്ന വിശാല മതേതര സഖ്യത്തിന്റെ വിജയം കൂടിയാണ് തമിഴ്‌നാട്ടിലെ ഈറോട് ഈസ്റ്റില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് സമ്മാനിച്ചിരിക്കുന്നത്. സംഘ്പരിവാറിന്റെ അവകാശവാദങ്ങളെ മുഴുവന്‍ കാറ്റില്‍പറത്തി രാജ്യത്ത് ഇപ്പോഴും കോണ്‍ഗ്രസ് കാലൂന്നി നില്‍ക്കുന്നുവെന്നതാണ് ഇന്നലെ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഏറ്റവും മനോഹരമായ കാഴ്ച. ജനാധിപത്യ വിരുദ്ധ ശക്തികള്‍ ഭരണസിരാകേന്ദ്രങ്ങളില്‍ പിടിമുറുക്കുമ്പോള്‍ രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ സൂചന കൂടിയാണിത്. ‘പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ പ്രഖ്യാപിക്കില്ല. ആര് നയിക്കുമെന്ന് ഞങ്ങള്‍ പറയില്ല. ഒരുമിച്ച് പോരാടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വിഘടന ശക്തികള്‍ക്കെതിരായ ഈ പോരാട്ടത്തില്‍ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം. 2024ലെ തിരഞ്ഞെടുപ്പിന് മുമ്പായി നമ്മുടെ സഖ്യം ശക്തിപ്പെടുത്തണം’ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ 70 ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ നടത്തിയ ഈ പ്രസ്താവനയും മതേതര വിശ്വാസികള്‍ക്ക് കുളിര് പകരുന്നതാണ്. ബി.ജെ.പിക്കെതിരെ ഒന്നിച്ചുനില്‍ക്കുകയാണ് ആദ്യം വേണ്ടത്. അതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണ്. പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ മറിച്ചിടാവുന്നതേയുള്ളൂ ബി.ജെ.പിയുടെ ശക്തി. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതാണ് ഫാസിസ്റ്റ് ശക്തികളുടെ വിജയത്തിനു കാരണം. ബി.ജെ.പിയുടെ വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പക്ഷേ പ്രതിപക്ഷ പാര്‍ട്ടികള്‍ എത്രത്തോളം യോജിക്കുമെന്നതില്‍ ആശങ്കയുണ്ട്. പല പാര്‍ട്ടികളും ഇപ്പോഴും മതേതര ചേരിക്കു പിന്തുണ നല്‍കുന്നതില്‍ വിമുഖത കാണിക്കുകയാണ്. പലപ്പോഴും ഈഗോ പ്രശ്‌നങ്ങളും തന്‍പോരിമയുമൊക്കെയാണ് ഇതിന് കാരണം. രാഷ്ട്രത്തിന്റെ ഭാവിയേക്കാളും വലുതല്ല ഇതെന്ന് ഇത്തരം കക്ഷികള്‍ ഓര്‍ക്കേണ്ടതുണ്ട്. രാജ്യത്തിനായി ഇനിയും ഒരുമിച്ചില്ലെങ്കില്‍ രാജ്യം തന്നെ ഇല്ലാതാകുമെന്ന് ഇവര്‍ ഓര്‍ക്കേണ്ടതുണ്ട്. അതിനുള്ള അവസരമാകട്ടെ ഈ തിരഞ്ഞെടുപ്പ് ഫലം.

webdesk11: