X

ജനതാദള്‍ (യു) മറുകണ്ടം ചാടുമ്പോള്‍ അണികളില്‍ നിറയുന്നത് ആശയക്കുഴപ്പം

പി. അബ്ദുല്‍ ലത്തീഫ്

വടകര: കാര്യമായ കാരണമേതുമില്ലാതെ ജതനാദള്‍ (യു) യു.ഡി.എഫ് വിട്ടപ്പോള്‍ പ്രാദേശിക നേതൃനിരയിലും അണികള്‍ക്കിടയിലും നിറയുന്നത് സര്‍വ്വത്ര ആശയക്കുഴപ്പം. എല്‍.ഡി.എഫ് അവഗണിക്കുന്നുവെന്ന പരാതിയുമായി യു.ഡി.എഫിനൊപ്പം ചേര്‍ന്ന ജനതാദള്‍ ഇപ്പോള്‍ മുന്നണി വിടുന്നതിന് വ്യക്തമായ കാരണം പോലും നല്‍കുന്നില്ല. ഇതാണ് അണികളെ പൂര്‍ണ്ണമായും ആശയക്കുഴപ്പത്തിലാക്കുന്നത്. മുന്നണി മാറുന്ന വിഷയം താഴെതട്ടില്‍ ചര്‍ച്ച ചെയ്യാതിരുന്നതില്‍ അണികള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ട്. പാര്‍ട്ടി തീരുമാനമെന്നാല്‍ വ്യക്തിയുടെ അല്ലെങ്കില്‍ ഏതാനും വ്യക്തികളുടെ തീരുമാനമാണോ എന്ന് പലരും ചോദിക്കുന്നു. അനവസരത്തിലുള്ള തീരുമാനം എന്നാണ് പ്രാദേശിക നേതാക്കളില്‍ പലരും മുന്നണി മാറ്റത്തെ കുറിച്ച് പ്രതികരിക്കുന്നത്. സോഷ്യലിസ്റ്റുകള്‍ക്ക് സ്വാധീനമുള്ളതായി വിലയിരുത്തപ്പെടുന്ന വടകരയിലെ പല കേന്ദ്രങ്ങളിലും ആശയക്കുഴപ്പം രൂക്ഷമാണ്.

വര്‍ഷങ്ങളായി ബന്ധം വിച്ഛേദിച്ചവരുമായി എങ്ങനെ ചേര്‍ന്നു പോകും എന്ന പരാതി പലരും ഉന്നയിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ത്തോളമായി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജനതാദളില്‍ വിഭാഗം യു.ഡി.എഫിലായിരുന്നു. എല്‍.ഡി.എഫ് അവഗണിക്കുന്നുവെന്ന പരാതിയുമായി യു.ഡി.എഫിനോട് ചേര്‍ന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ അങ്ങനെയൊരു പരാതിയില്ല എന്നത് ശ്രദ്ധേയമാണ്. എല്‍.ഡി.എഫ് വിട്ട് വീരേന്ദ്രകുമാര്‍ പാര്‍ട്ടി യു.ഡി.എഫിനൊപ്പം ചേരുന്നതായി പ്രഖ്യാപിച്ച സമയത്ത് പാര്‍ട്ടിക്ക് മുന്ന് എം.എല്‍.എമാരുണ്ടായിരുന്നു. എന്നാല്‍ ഒരു എം.എല്‍.എ പോലുമില്ലാതെയാണ് ജനതാദള്‍ യു എല്‍.ഡി.എഫ് പാളയത്തിലെത്തിയത്. എം.എല്‍.എമാരുണ്ടായിട്ടും കിട്ടുന്നതിനേക്കാള്‍ പരിഗണന എം.എല്‍.എയില്ലാത്ത സമയത്ത് കിട്ടുമോ എന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ചോദ്യങ്ങളുയരുന്നത്.

വ്യക്തിപരമായ ലാഭ-നഷ്ടങ്ങള്‍ മാത്രമാണ് മുന്നണികള്‍ മാറി മറുകണ്ടം ചാടുമ്പോള്‍ എം.പി വീരേന്ദ്രകുമാര്‍ പരിഗണിക്കാറുള്ളതെന്ന് പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളില്‍ പലര്‍ക്കും വ്യക്തമാണെങ്കിലും ഈ സമയത്ത് ഒരു മാറ്റം തികച്ചും അനവസരത്തിലാണെന്ന് പലരും വ്യക്തമാക്കുന്നു. ഒരു തരത്തിലുള്ള ഉറപ്പും ലഭിക്കാതെയാണ് ജനതാദള്‍ യു എല്‍.ഡി.എഫിന്റെ ഭാഗമായത്. ”ഇടതുപക്ഷ ചിന്താഗതിയുമായി വൈകാരികമായ ബന്ധമുള്ള പാര്‍ട്ടിയാണ് ഞങ്ങള്‍. ജനതാദള്‍ (യു) വിന്റെ രാഷ്ട്രീയ വിശ്വാസം എല്‍.ഡി.എഫുമായി ചേര്‍ന്നു പോകുന്നതാണ് ” എന്നുള്ള വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി മുന്നണി വിടുമ്പോഴുള്ള പ്രസ്താവനയെ പലരും തമാശയായിട്ടാണ് കാണുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷവും ഈ വൈകാരിക ബന്ധവും രാഷ്ട്രീയ വിശ്വാസവും എവിടെയായിരുന്നുവെന്ന് അണികളില്‍ പലരും ചോദ്യമുയര്‍ത്തുന്നു.

അതേസമയം വര്‍ഷങ്ങളായി എല്‍.ഡി.എഫിനൊപ്പമുള്ള ജനതാദള്‍ എസ് ജനതാദള്‍ യു മുന്നണിയിലേക്ക് വരുമ്പോള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. നിരവധി തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണമാറ്റത്തിന് ജനതാദള്‍ യു വിന്റെ തീരുമാനം കാരണമാകും. യു.ഡി.എഫിന് ചിലയിടങ്ങളില്‍ മേല്‍ക്കൈ നഷ്ടപ്പെടാന്‍ കാരണമാകുമെങ്കിലും സംസ്ഥാന ഗവണ്‍മെന്റിന്റെ നിരുത്തരവാദപരമായ നയങ്ങള്‍ മൂലം കുത്തഴിഞ്ഞ തദ്ധേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജനതാദളിന്റെ മുന്നണി മാറ്റം മൂലം കൂടുതല്‍ അപകടത്തിലാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

chandrika: