ബെംഗളൂരു: കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊപ്പം കച്ചമുറുക്കി പോരാട്ടത്തിനിറങ്ങുന്ന ജനതാദള്‍ എസിന് ജീവന്‍മരണ പോരാട്ടമാണ്. കിങ് മേക്കറാവുമെന്ന് മുന്‍ മുഖ്യമന്ത്രി കുമരസ്വാമി പറയുമ്പോഴും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ജെ. ഡി.എസിന് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. നേതാക്കളുടെ കൊഴിഞ്ഞുപോക്കും ആഭ്യന്തര പോരും കുടുംബ പാര്‍ട്ടിയെന്ന ചീത്തപ്പേരുമെല്ലാം തീര്‍ത്തും ശോഷിച്ച അവസ്ഥയിലാണ് പാര്‍ട്ടി. പ്രായാധിക്യം കാരണം ദേവഗൗഡ പിന്നാക്കം വലിഞ്ഞതോടെ മകന്‍ കുമരസ്വാമിയാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത്.
1999 ല്‍ പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ജെ.ഡി.എസിന് തനിച്ച് ഇതുവരെ കര്‍ണാടകയില്‍ അധികാരത്തിലെത്താനായിട്ടില്ല. എന്നാല്‍ രണ്ട് തവണയായി ബി.ജെ.പിക്കും കോണ്‍ഗ്രസിനുമൊപ്പം അധികാരത്തിലേറാനായിട്ടുണ്ട്. 2006ല്‍ ബി.ജെ. പിയുമായി ചേര്‍ന്ന് 20 മാസവും 2018ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് 14 മാസവും കുമാരസ്വാമി മുഖ്യമന്ത്രിയായിട്ടുണ്ട്.
ഇത്തവണ 123 സീറ്റുകളാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇതില്‍ പകുതി പോലും എത്തിപ്പിടിക്കാന്‍ സാധ്യതയില്ല. പ്രാദേശിക കന്നഡ വികാരവും കര്‍ഷക സ്നേഹവുമാണ് ജെ.ഡി.എസിന്റെ തുരുപ്പ് ചീട്ട്. 2004ല്‍ നേടിയ 58 സീറ്റുകളാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ നേട്ടം. 2013ല്‍ 40 സീറ്റ് നേടിയതാണ് രണ്ടാമത്തെ നേട്ടം. അതേസമയം പാര്‍ട്ടിയുടെ വോട്ട് വിഹിതം ഓരോ തിരഞ്ഞെടുപ്പിലും കുറഞ്ഞ് വരുന്നത് ജെ.ഡി. എസിന് അപായ സൂചനയാണ്. 2018ല്‍ 37 സീറ്റുകളില്‍ വിജയിച്ച ജെ.ഡി.എസിന് വൊക്കലിംഗ സമുദായ പിന്തുണയാണ് ഏക പിടിവള്ളി. എന്നാല്‍ കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ഇതേ സമുദായാംഗമായതോടെ സമുദായം കോണ്‍ഗ്രസിന് അനുകൂലമായി മാറിയതും ജെ.ഡി.എസിന് ക്ഷീണമായിട്ടുണ്ട്. ഗ്രാമീണ- കര്‍ഷക പിന്തുണയുള്ള പാര്‍ട്ടിയെന്ന ഇമേജ് തന്നെയാണ് ജെ. ഡി.എസിനുള്ളത്. പഴയ മൈസൂരു മേഖലയാണ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രം. എന്നാല്‍ കുടുംബ പാര്‍ട്ടിയെന്ന ചീത്തപ്പേരില്‍ നിന്നും മുക്തരാവാനായിട്ടില്ല. ഗൗഡ കുടുംബത്തിലെ എട്ടു പേരാണ് ജെ.ഡി.എസിന്റെ സജീവ നേതൃസ്ഥാനത്തുള്ളത്.
മൈസൂരു മേഖലയിലെ വൊക്കലിംഗ ബെല്‍റ്റിനപ്പുറം വളരാന്‍ കഴിയാത്തതും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളില്ലാത്തതും ജെ.ഡി.എസിനെ കുഴക്കുന്നുണ്ട്. എങ്കിലും കോ ണ്‍ഗ്രസ്-ബി.ജെ.പി പോരാട്ടം കനക്കുകയും തൂക്കു മന്ത്രിസഭക്ക് അവസരം വരികയും ചെയ്താല്‍ ചെറുതെങ്കിലും കിട്ടിയ സീറ്റുമായി കിങ്മേക്കറാവാമെന്ന മോഹവുമായാണ് കുമാരസ്വാമിയും ജെ.ഡി.എസും നില്‍ക്കുന്നത്. പക്ഷേ ഇത്തവണ സാഹചര്യം അത്രകണ്ട് അനുകൂലമല്ലെന്നാണ് മൈസൂരു മേഖലയില്‍ നിന്നും ജെ.ഡി. എസ് വിട്ട് നേതാക്കള്‍ കോ ണ്‍ഗ്രസിലേക്ക് ചേക്കേറുമ്പോള്‍ കണക്കുകൂട്ടേണ്ടത്.