X

ജനജാഗ്രതാ യാത്ര വിവാദത്തില്‍ കോടിയേരിയുടെ യാത്ര ഹവാല തലവന്റെ ആഡംബര കാറില്‍

 

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രക്ക് ഉപയോഗിച്ചത് സ്വര്‍ണ കടത്തുകേസിലെ പ്രതിയുടെ വാഹനം. ഏറെ കോളിളക്കം സൃഷ്ടിച്ച കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തു കേസില്‍ റവന്യു ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്ത പ്രതി കൊടുവള്ളിയിലെ കാരാട്ട് ഫൈസലിന്റെ ആഡംബര കാറാണ് കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ചത്. ഇന്നലെ കൊടുവള്ളിയില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിലാണ് ഹവാലാ തലവന്റെ കാറില്‍ ആനയിച്ചത്. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ സ്വീകരണ പരിപാടിയായിരുന്നു കൊടുവള്ളിയിലേത്. കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖുമൊത്താണ് കോടിയേരിയെ ഈ വാഹനത്തില്‍ ആനയിച്ചത്.

2014 മാര്‍ച്ചിലാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടതു പഞ്ചായത്തംഗമായ ഫൈസലിനെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തത്. കേസില്‍ ഏഴാം പ്രതിയായി ചേര്‍ക്കപ്പെട്ട ഫൈസലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. എയര്‍ ഹോസ്റ്റസുമാരുടെ സഹായത്തോടെ വിദേശത്ത് നിന്നും നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കടത്തിയെന്ന കേസാണ് ഫൈസലിനെതിരെയുള്ളത്. സി.പി.എം സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടുകൊണ്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇന്നലെ സംസ്ഥാന സെക്രട്ടറി തന്നെ അത് തെളിയിച്ചതോടെ സി.പി.എം പ്രതിക്കൂട്ടിലായിരിക്കുകയാണ്.

chandrika: